ഗാസ – രണ്ടാഴ്ചക്കിടെ അതിശൈത്യം മൂലം ഗാസയില്‍ മരണപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ മൂന്ന് ശിശുക്കള്‍ കഠിനമായ തണുപ്പ് മൂലം മരിച്ചതോടെയാണിത്. കഴിഞ്ഞ മാസങ്ങളിലും അതിശൈത്യം കാരണം ഗാസയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഗാസയില്‍ അഭയാര്‍ഥികളുടെ നിരവധി തമ്പുകള്‍ വെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ തമ്പുകള്‍ പിഴുതെറിയപ്പെടുകയും ചെയ്തതിനു പുറമെയാണ് അതിശൈത്യം മൂലമുള്ള കൊടും ദുരിതവും ഫലസ്തീന്‍ കുടുംബങ്ങളെ വേട്ടയാടുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉത്തര ഗാസയില്‍ ഒരു മാസത്തിനും രണ്ട് മാസത്തിനും ഇടയില്‍ പ്രായമുള്ള അഞ്ചു കുഞ്ഞുങ്ങള്‍ കൊടും തണുപ്പ് കാരണം മരിച്ചതായി ഗാസ സിറ്റിയിലെ ഫ്രണ്ട്‌സ് ഓഫ് ദി പേഷ്യന്റ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഈദ് സ്വലാഹ് പറഞ്ഞു.
ചൊവ്വാഴ്ച ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശത്തെ ടെന്റില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് തണുപ്പ് മൂലം മരിച്ചു. കഠിനമായ തണുപ്പ് തുടരുന്നതിനനുസരിച്ച് പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുമെന്ന ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഗുരുതരാവസ്ഥയിലുള്ള നിരവധി കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതായി ഡോ. സഈദ് സ്വലാഹ് പറഞ്ഞു. ഹീറ്ററുകളുടെ കടുത്ത ക്ഷാമം മൂലം മാനുഷിക സാഹചര്യങ്ങള്‍ വിനാശകരമാണ്. ഇത് കുട്ടികളെ അപകടത്തിന് ഇരയാക്കുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ കഠിനമായ തണുപ്പ് കാരണം ശരീര ഊഷ്മാവില്‍ ഗുരുതരമായ കുറവ് അനുഭവപ്പെട്ട എട്ടു നവജാത ശിശുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കൂട്ടത്തില്‍ മൂന്നു നവജാത ശിശുക്കള്‍ ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചുപോയി. ഈ കുട്ടികള്‍ തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നെന്നും ഡോ. സഈദ് സ്വലാഹ് പറഞ്ഞു. കഠിനമായ തണുപ്പ് കാരണം അല്‍മവാസി പ്രദേശത്തെ ടെന്റിനുള്ളില്‍ 60 ദിവസം പ്രായമുള്ള കുട്ടി ശാം യൂസുഫ് അല്‍ശന്‍ബാരി മരിച്ചതായി ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ പ്രവര്‍ത്തിക്കുന്ന നാസിര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ഫറാ അറിയിച്ചു. മോശം കാലാവസ്ഥയും ഗാസയിലെ വഷളായ മാനുഷിക സാഹചര്യങ്ങളും കാരണം കുട്ടികള്‍ക്കിടയിലെ മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഗാസയില്‍ ഇരുപതു ലക്ഷത്തിലേറെ ആളുകള്‍ക്ക് യഥാര്‍ത്ഥ പാര്‍പ്പിടമില്ലെന്നും ഡോ. അഹ്മദ് അല്‍ഫറാ പറഞ്ഞു.
ശാം അല്‍ശന്‍ബാരിയുടെ കുടുംബം ഗാസയുടെ വടക്കേ അറ്റത്തുള്ള ബെയ്ത് ഹാനൂന്‍ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട് ഭവനരഹിതരായതിനെ തുടര്‍ന്ന് അവര്‍ ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശത്തേക്ക് പലയാനം ചെയ്യുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന കുടുംബത്തോടൊപ്പം ചെറിയ തമ്പിലാണ് താമസിക്കുന്നതെന്ന് ശാം അല്‍ശന്‍ബാരിയുടെ പിതാവ് യൂസുഫ് അല്‍ശന്‍ബാരി പറഞ്ഞു. ഇളയ കുഞ്ഞ് ആയ ശാം ജനുവരി ഒന്നിനാണ് പിറന്നത്. കഠിനമായ തണുപ്പ് കാരണം മകള്‍ ജനിച്ചതു മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. കഠിനമായ ശൈത്യകാല തണുപ്പില്‍ നിന്നോ കടുത്ത വേനല്‍ക്കാല ചൂടില്‍ നിന്നോ മകളെ സംരക്ഷിക്കാന്‍ കഴിയാത്ത ടെന്റിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും യൂസുഫ് അല്‍ശന്‍ബാരി പറഞ്ഞു.
വൈദ്യുതിയുടെ വിറകിന്റെയും അഭാവവും ഗാസയില്‍ ശേഷിക്കുന്ന പരിമിതമായ അളവിലുള്ള കല്‍ക്കരിയുടെ ഉയര്‍ന്ന വിലയും കാരണം ലക്ഷക്കണക്കിന് ഗാസ നിവാസികളെ പോലെ, യൂസുഫ് അല്‍ശന്‍ബാരിക്കും കുടുംബത്തിനും തണുപ്പകറ്റാന്‍ ഒരു മാര്‍ഗവുമില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ, ഇനി രക്ഷപ്പെടാന്‍ വഴിയില്ല. കൊടും തണുപ്പു മൂലം നമ്മുടെ കണ്‍മുന്നില്‍ മരിച്ചുവീഴുന്ന കുട്ടികളുടെ തണുപ്പകറ്റാന്‍ കഴിയുന്നില്ല. അവര്‍ക്ക് വേണ്ടി എന്തുചെയ്യണമെന്ന് തനിക്കറിയില്ല – യൂസുഫ് അല്‍ശന്‍ബാരി പറഞ്ഞു.
ഗാസയിലെ എല്ലാ ഫലസ്തീനികളെയും പോലെ യൂസുഫ് അല്‍ശന്‍ബാരിയും ജോലി ചെയ്യാന്‍ ഒരു വഴിയും കണ്ടെത്തുന്നില്ല. അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന സഹായത്താലാണ് യൂസുഫും കുടുംബവും ജീവിക്കുന്നത്. ഗാസയുടെ തെക്കു നിന്ന് വടക്കോട്ടുള്ള ഗതാഗത ചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. സ്വദേശമായ ബെയ്ത് ഹാനൂന്‍ ഗ്രാമത്തിലേക്ക് മടങ്ങാന്‍ ധാരാളം പണം ആവശ്യമാണ്. അതുകൊണ്ടു തന്നെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനും അവിടെ താമസിക്കാനും യൂസുഫ് അല്‍ശന്‍ബാരിക്കും കുടുംബത്തിനും ഇനി കഴിയില്ല. പലായനം ചെയ്തവരെ ഗാസയുടെ തെക്കു നിന്ന് വടക്കോട്ട് കൊണ്ടുപോകാനുള്ള ചെലവ് ഏകദേശം 5,000 ഷെക്കലില്‍ (1,400 ഡോളര്‍) എത്തിയിരിക്കുന്നു. ഇത് പല ഗാസക്കാര്‍ക്കും ഒരിക്കലും താങ്ങാന്‍ കഴിയുന്നതല്ല.
ഇസ്രായില്‍ ഗവണ്‍മെന്റിന്റെ ക്രിമിനല്‍ നയങ്ങളുടെയും ഗാസ നിവാസികള്‍ക്ക് മാനുഷിക സഹായങ്ങളും അഭയ വസ്തുക്കളും എത്തിക്കുന്നത് തടഞ്ഞതിന്റെയും ഫലമായാണ് ആറ് കുട്ടികള്‍ മരണപ്പെട്ടതെന്ന് ഹമാസ് പറഞ്ഞു. ആക്രമണത്തിന്റെയും ഉപരോധത്തിന്റെയും ഫലമായി ഗാസയില്‍ ഉണ്ടായ അഭൂതപൂര്‍വമായ മാനുഷിക ദുരന്തം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണ്. ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ മധ്യസ്ഥര്‍ അടിയന്തര നടപടി സ്വീകരിക്കണണം. മാനുഷിക പ്രോട്ടോക്കോള്‍ പാലിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കണം. ഗാസ നിവാസികള്‍ക്ക് സഹായങ്ങള്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ടെന്റുകള്‍, മൊബൈല്‍ ഹോമുകള്‍ (കാരവനുകള്‍), ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സാധനങ്ങള്‍, സിമന്റ്, സൗരോര്‍ജം എന്നിവയുടെ പ്രവേശനം സംബന്ധിച്ച മാനുഷിക പ്രോട്ടോക്കോള്‍ പാലിക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്ന് ഇസ്രായില്‍ ഒഴിഞ്ഞുമാറുകയാണ്. ഇസ്രായില്‍ ഇപ്പോഴും ബാധ്യതകളില്‍ നിന്ന് തെന്നിമാറുകയാണ്. വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്ന നിരവധി അടിസ്ഥാന വസ്തുക്കള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ റമദാന്‍ മാസം സമാഗതമാകുന്നതോടെ ഇസ്രായിലി നയങ്ങളുടെ ഫലമായി ഗാസയിലെ താമസക്കാരും വ്യാപാരികളും വിലക്കയറ്റം ഭയപ്പെടുന്നു. കെരേം ഷാലോം ക്രോസിംഗ് വഴി സാധനങ്ങള്‍ കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് വിലകള്‍ ഉയരുകയും കുറയുകയും ചെയ്യുമെന്ന് വ്യാപാരി മുഹമ്മദ് ഹുമൈദ് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചില സാധനങ്ങള്‍ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനുള്ള കാരണം അറിയില്ല. ഇത് ചില വസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇടയാക്കിയതായും മുഹമ്മദ് ഹുമൈദ് പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും ബേക്കറികള്‍ക്കും കടകള്‍ക്കും മുന്നില്‍ ഇപ്പോഴും ക്യൂകള്‍ നീണ്ടുകിടക്കുന്നു. കുടിവെള്ളം പോലും ലഭ്യമല്ലെന്ന് താമസക്കാര്‍ പരാതിപ്പെടുന്നു. ഗാസയിലെ നവജാത ശിശുക്കളുടെ ദുരിതം വഷളാകുന്നതിനെ കുറിച്ച് യു.എന്‍ റിലീഫ് ഏജന്‍സി അടുത്തിടെ മുന്നറിയിപ്പ് നല്‍കി. ജീവിത സാഹചര്യങ്ങള്‍ വഷളാകുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം 7,700 ശിശുക്കള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് യു.എന്‍ ഏജന്‍സി പറഞ്ഞു.