ഗാസ – ഗാസ നഗരത്തിലെ സ്വബ്ര ഡിസ്ട്രിക്ടില്‍ ദഗ്മശ് കുടുംബത്തിലെ ആയുധധാരികളും ഹമാസ് പോലീസ് അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദഗ്മശ് കുടുംബാംഗങ്ങള്‍ ഇസ്രായിലുമായി സഹകരിച്ചതായി ഹമാസ് ആരോപിച്ചു. കുടുംബാംഗങ്ങള്‍ ഇസ്രായിലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും മാനുഷിക സഹായ വസ്തുക്കള്‍ വഹിച്ച ട്രക്കുകള്‍ കൊള്ളയടിക്കുകയും നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ നടത്തുകയും ചെയ്തതായി ഹമാസ് ആരോപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രൂക്ഷമായ ഏറ്റുട്ടല്‍ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു.
അതേസമയം, ആഭ്യന്തര സംഘർഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സ്വാലിഹ് അല്‍ജഅ്ഫറാവി മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം ഗാസ നഗരത്തിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. ഗാസ മുനമ്പില്‍ സിവിലിയന്മാര്‍ക്കെതിരായ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയ സോഷ്യല്‍ മീഡിയയിലെ ഏറ്റവും പ്രമുഖ ഫലസ്തീന്‍ ആക്ടിവിസ്റ്റുകളിലും ഇന്‍ഫ്‌ളുവന്‍സര്‍മാരിലും ഒരാളാണ് സ്വാലിഹ് അല്‍ജഅ്ഫറാവി.