കോഴിക്കോട്– ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ചേവായൂർ പോലീസ് ഈ നടപടി സ്വീകരിച്ചത്. സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, താൻ പങ്കുവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള യഥാർത്ഥ ചിത്രമാണെന്നും എഐ നിർമ്മിതമല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ തടയാനുള്ള രാഷ്ട്രീയ നീക്കമാണ് പോലീസ് നടപടിക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. “പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം?” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജമാണെന്ന് സി.പി.എം നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് സുബ്രഹ്മണ്യനെതിരെ പോലീസ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



