ജിദ്ദ – ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട്, ഇന്ത്യയിലെ മുന്ദ്ര തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കാര്‍ഗോ ഷിപ്പിംഗ് സര്‍വീസ് ആരംഭിച്ചതായി സൗദി പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. ഗ്ലോബല്‍ ഫീഡര്‍ ഷിപ്പിംഗ് കമ്പനിയാണ് ജെ.ആര്‍.എസ് എന്ന പേരില്‍ പുതിയ കാര്‍ഗോ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ജിദ്ദ, മുന്ദ്ര തുറമുഖങ്ങള്‍ക്കു പുറമെ ഈജിപ്തിലെ സൊഖ്‌ന, ഒമാനിലെ സലാല എന്നീ തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് 800 കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍ ഉപയോഗിച്ച് ഗ്ലോബല്‍ ഫീഡര്‍ ഷിപ്പിംഗ് കമ്പനി പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
മാരിടൈം നാവിഗേഷന്‍ നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി സൂചികയില്‍ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും തുറമുഖങ്ങളിലെ പ്രകടന കാര്യക്ഷമത ഉയര്‍ത്താനും ആഗോള വിപണികളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കുന്നതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സൗദി പോര്‍ട്‌സ് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ജിദ്ദ തുറമുഖത്തെ ബന്ധിപ്പിച്ച് പുതിയ കാര്‍ഗോ സര്‍വീസ് ഒരുക്കിയിരിക്കുന്നത്.
മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനും, ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന് അനുസൃതമായി കയറ്റുമതിക്കും ഇറക്കുമതിക്കും പിന്തുണ നല്‍കാനും പോര്‍ട്‌സ് അതോറിറ്റി ശ്രമിക്കുന്നു. അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകളുമായി സൗദി പോര്‍ട്‌സ് അതോറിറ്റി സ്ഥാപിക്കുന്ന പങ്കാളിത്തങ്ങള്‍ സൗദിയിലെ തുറമുഖങ്ങളുടെ വികസനത്തിനും അവയുടെ മത്സരക്ഷമതയെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സമുദ്ര ഗതാഗതം വികസിപ്പിക്കാനും ലോജിസ്റ്റിക്‌സ് സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.