
ഹ്യൂമാനിറ്റീസ് സ്ട്രീം തിരഞ്ഞെടുത്ത് പ്ലസ്‌ടു പഠിച്ചാലുള്ള കരിയർ സാധ്യതകൾ എന്താണെന്ന് തിരിച്ചറിയാതെ, മുന്നോട്ടുള്ള വഴിയിൽ ആശങ്കയോടെ പകച്ചു നിൽക്കുന്ന ഒട്ടേറെ വിദ്യാർഥികളെ കാണാറുണ്ട്. സയൻസ്, കൊമേഴ്‌സ് വിഷയങ്ങൾ ലഭിക്കാത്തത് കൊണ്ട് തിരഞ്ഞെടുക്കേണ്ട സ്ട്രീമല്ല ഹ്യുമാനിറ്റീസ് എന്ന തിരിച്ചറിവാണ് വിദ്യാർഥികൾക്ക് ആദ്യമായി ഉണ്ടാവേണ്ടത്. ഹ്യുമാനിറ്റീസ് പഠിച്ച കുട്ടികൾക്ക് മുന്നിലുള്ള അനുയോജ്യമായ പഠന വഴികളെ പരിചയപ്പെടാം. ചരിത്രത്തെയും നാഗരികതകളെയും സംസ്കാരങ്ങളേയും സാമൂഹിക മൂല്യങ്ങളെയും കുറിച്ച് ആഴത്തിൽ പഠിക്കാനും ജീവിക്കുന്ന കാലത്തെയും ഭാവിയെയും കുറിച്ച് കാഴ്ചപ്പാടുകൾ വളർത്തിയെടുക്കാനും മാനവിക വിഷയങ്ങളിലെ പഠനം സഹായകരമായിരിക്കും എന്നതിൽ തർക്കമില്ല. ഒട്ടേറെ സാധ്യതകൾ മുന്നിലുള്ളത് കൊണ്ട് അവരവരുടെ താല്പര്യവും അഭിരുചിയും മനസ്സിലാക്കി മുന്നോട്ട് നീങ്ങുന്നവർക്ക് ഉയരങ്ങളിലെത്താമെന്നതാണ് സത്യം. ഹ്യുമാനിറ്റീസ് കഴിഞ്ഞവർക്ക് താഴെക്കൊടുത്ത ഓപ്ഷനുകൾ പരിഗണിക്കാം
നിയമം, ഡിസൈൻ, സൈക്കോളജി, വിവിധ ഭാഷകൾ, ഹിസ്റ്ററി, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ്, സോഷ്യൽ സയൻസ്, ഫൈൻ ആർട്സ്, മാസ് കമ്മ്യൂണിക്കേഷൻ, ആന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇന്റർനാഷൽ റിലേഷൻ, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, അഡ്വെർടൈസിങ്, സോഷ്യോളജി, പബ്ലിക് റിലേഷൻ, ഫിലോസഫി, മൾട്ടിമീഡിയ, മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷണൽ റിലേഷൻ, ലിംഗ്വിസ്റ്റിക്സ്, ആന്ത്രോപോളജി, റൂറൽ സ്റ്റഡീസ് തുടങ്ങിയ ഒട്ടേറെ മേഖലകളിൽ തുടർപഠനാവസരങ്ങൾ ലഭ്യമാണ്.

പ്ലസ്‌ടുവിന് ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് എഴുതാവുന്ന ചില എൻട്രൻസ് പരീക്ഷകൾ (ചില എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി അവസാനിച്ചുവെങ്കിലും അടുത്ത വർഷങ്ങളിൽ പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവർക്ക് ശ്രദ്ധിക്കാവുന്നതാണ്)
ഇൻഡോർ, റാഞ്ചി ഐഐഎമ്മുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റിന്റെ പ്രവേശനത്തിനായുള്ള ഐപിമാറ്റ്.
റോഹ്തക് ഐഐഎംലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റിന്റെ പ്രവേശനത്തിനായുള്ള ഐപിമാറ്റ്
ബുദ്ധഗയ, ജമ്മു എന്നീ ഐ,ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് പ്രവേശനത്തിനായുള്ള ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റ് (ജിപ്മാറ്റ്)
ദേശീയ നിയമ സർവകലാശാലകളിലെ ഇന്റഗ്രേറ്റഡ് നിയമ പഠനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്)
ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് നിയമ ബിരുദ കോഴ്‌സിന്റെ പ്രവേശനത്തിനുള്ള ആൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (ഐലറ്റ്)
കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ ലോ കോളേജുകളിലെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കേരള ലോ എൻട്രൻസ് ടെസ്റ്റ്
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനായുള്ള എൻസിഎച്ച്എംസിടിജെഇഇ
വിവിധ കേന്ദ്ര സർവകലാശാലകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള കോമൺ യൂണിവേഴ്സ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി)
വിവിധ സ്ഥാപനങ്ങളിലെ നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശനത്തിനായുള്ള നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി)
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) കോഴ്സ് പ്രവേശനത്തിനായുള്ള എൻഐഡി-ഡിസൈൻ ആപ്റ്റിട്യൂഡ് ടെസ്റ്റ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ വിവിധ ക്യാംപസുകളിലെ ബി.ഡിസ് പ്രവേശനത്തിനായുള്ള എൻ.ഐ.എഫ്.ടി എൻട്രൻസ്
വിവിധ ഐഐടികൾ, ഐഐടിഡിഎം ജബൽപൂർ എന്നിവിടങ്ങളിലെ ബി.ഡിസ് പ്രവേശനത്തിനായുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് ഫോർ ഡിസൈൻ (യൂസീഡ്)
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ബി.ഡിസ് പ്രവേശനത്തിനായുള്ള കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിട്യുടെ ടെസ്റ്റ് (കെ.എസ്.ഡാറ്റ്)
ജയ്പ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിലെ ബി.ഡിസ് പ്രവേശനത്തിനുള്ള എൻട്രൻസ്
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിനായുള്ള എൻട്രൻസ്
കാലിക്കറ്റ് സർവകലാശാല ഇക്കണോമിക്സ് വിഭാഗത്തിലെ ഇന്റഗ്രേറ്റഡ് എംഎ ഇൻ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രവേശനത്തിനായുള്ള സിയുസിഎടി എൻട്രൻസ്
മഹാത്മാഗാന്ധി സർവകലാശാലയിലെ ബിബിഎ-എൽഎൽബി(ഓണേഴ്‌സ്), ഇന്റഗ്രേറ്റഡ് മാസ്റ്റർ പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ് എന്നിവയിലെ പ്രവേശനത്തിനായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ്
കൂടാതെ സിംബയോസിസ്, മണിപ്പാൽ, ക്രൈസ്റ്റ്, എൻഎംഐഎംഎസ്, അശോക യൂണിവേഴ്സ്റ്റിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള എൻട്രൻസ് എന്നിവയും പ്രയോജനപ്പെടുത്താം.