ന്യൂദൽഹി: 2024 ലെ കേന്ദ്ര ബജറ്റ് ഭാവിയിലേക്കുള്ള പാത ഒരുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്റെ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൃഷി, തൊഴിൽ, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉൽപ്പാദനം, സേവനങ്ങൾ, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണം, ഗവേഷണവും വികസനവും, അടുത്ത തലമുറയിലെ പരിഷ്കാരങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഒമ്പത് മുൻഗണനാ മേഖലകളിൽ സുസ്ഥിരമായ ശ്രമങ്ങൾ ബജറ്റ് വിഭാവനം ചെയ്യുന്നു. ഭാവി ബജറ്റുകൾ 2024 ബജറ്റിൻ്റെ ഈ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അവർ പറഞ്ഞു.
തൊഴിൽ, വൈദഗ്ദ്ധ്യം, എം.എസ്.എം.ഇകൾ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) തുടങ്ങി രണ്ടു ലക്ഷം കോടി രൂപ ചെലവിൽ 4.1 കോടി യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ പ്രയോജനം ലഭിക്കുന്ന പദ്ധതികളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
“തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇകൾ, മധ്യവർഗം എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. അഞ്ച് വർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിന് അഞ്ച് പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജിന്. 2 ലക്ഷം കോടി രൂപ അനുവദിക്കും.
ബിഹാറിൽ പുതിയ വിമാനതാവളം അനുവദിക്കുന്ന ബജറ്റ് ആന്ധ്രപ്രദേശിൽനിന്ന് ബംഗളരൂവിലേക്ക് വ്യവസായ ഇടനാഴി പ്രഖ്യാപിച്ചു. ഇതടക്കം നിരവധി പദ്ധതികളാണ് ബിഹാറിനും ആന്ധ്രപ്രദേശിനുമായി മന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്നും മന്ത്രി പറഞ്ഞു.
മുദ്രലോണിന്റെ പരിധി പത്തുലക്ഷത്തിൽനിന്ന് ഇരുപത് ലക്ഷമാക്കി.
ബിഹാറിന് പുതിയ മെഡിക്കൽ കോളേജും അനുവദിച്ചു. ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ അനുവദിച്ചു. ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. ബിസിനസ് സഹചര്യങ്ങള് നേരിട്ട് പഠിക്കാൻ അവസരം. എം.എസ്.എം.ഇ കൾക്ക് ഈടില്ലാത്ത വായ്പ അനുവദിക്കും. കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പൂർവോദയ പദ്ധതിയും പ്രഖ്യാപിച്ചു.
ബജറ്റ് അവതരണം തുടരുകയാണ്..