സന്‍ആ – മധ്യയെമനില്‍ പെട്രോള്‍ ബങ്കിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും 15 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബൈദാ പ്രവിശ്യയിലെ സാഹിര്‍ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സ്‌ഫോടനത്തിലും അഗ്നിബാധയിലും 67 പേര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ 40 പേരുടെ നില ഗുരുതരമാണ്. കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ആകാശത്ത് പുകപടലങ്ങള്‍ പരത്തുകയും വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്യുന്ന അഗ്നിബാധയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.
ഒരു ദശാബ്ദത്തിലേറെയായി യെമനില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇറാനിയന്‍ പിന്തുണയുള്ള ഹൂത്തി വിമതരാണ് ബെയ്ദാ പ്രവിശ്യയുടെ നിയന്ത്രണം വഹിക്കുന്നത്. 2014 ല്‍ ആണ് യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഹൂത്തി വിമതര്‍ തലസ്ഥാനമായ സന്‍ആയും ഉത്തര യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടക്കിയതോടെ നിയമാനുസൃത ഗവണ്‍മെന്റ് ദക്ഷിണ യെമനിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനായി അമേരിക്കയുടെ പിന്തുണയോടെ സൗദി നേതൃത്വത്തിലുള്ള സഖ്യം 2015 മാര്‍ച്ചില്‍ യുദ്ധം ആരംഭിച്ചു. ഈ യുദ്ധത്തില്‍ ഇതുവരെ സിവിലിയന്മാരും സൈനികരും പോരാളികളും ഉള്‍പ്പെടെ 150,000 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. അടുത്ത കാലത്ത് യെമനില്‍ കാര്യങ്ങള്‍ വലിയതോതില്‍ സ്തംഭനാവസ്ഥയിലാവുകയും വഷളാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളില്‍ ഒന്നിന് യുദ്ധം കാരണമാവുകയും ചെയ്തു.