കുവൈത്ത് സിറ്റി – കുവൈത്തില്‍ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസികൾക്ക് അനുവദിച്ച സാവകാശം നാളെ രാത്രിയോടെ അവസാനിക്കും. കുവൈത്തില്‍ കഴിയുന്ന രണ്ടര ലക്ഷത്തോളം വിദേശികള്‍ ഇതുവരെ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡെന്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത, നിയമ വിരുദ്ധ രീതിയില്‍ രാജ്യത്ത് തങ്ങുന്ന ബിദൂന്‍ വിഭാഗത്തില്‍ പെട്ട 90,000 ഓളം പേരും 16,000 കുവൈത്തി പൗരന്മാരും ഇനിയും ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശികള്‍ക്ക് ജനുവരി ഒന്നു (ബുധന്‍) മുതല്‍ ഔദ്യോഗിക വകുപ്പുകളില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും ബാങ്കിംഗ് സേവനങ്ങളും നിര്‍ത്തിവെക്കും. ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്വദേശികള്‍ക്ക് ഇതിനകം തന്നെ ഔദ്യോഗിക വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇതുവരെ 9,60,000 കുവൈത്തികളുടെയും 27,40,000 വിദേശികളുടെയും 58,000 ബിദൂനുകളുടെയും ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡെന്‍സ് മേധാവി മേജര്‍ ജനറല്‍ ഈദ് അല്‍ഉവൈഹാന്‍ പറഞ്ഞു. സ്വദേശികളില്‍ പെട്ട 16,000 പേരും വിദേശികളില്‍ പെട്ട 2,44,000 പേരും ബിദൂനുകളില്‍ പെട്ട 89,817 പേരും ഇതുവരെ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടുവന്നിട്ടില്ല. കിടപ്പുരോഗികളും വികലാംഗരുമായ 12,000 പേരുടെ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനകം ഇത്രയധികം പേരുടെ ബയോമെട്രിക് വിവരങ്ങള്‍ അതീവ കൃത്യതയോടെ രജിസ്റ്റര്‍ ചെയ്യാനായത് ചരിത്ര നേട്ടമാണ്.
ഇനിയും ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം ഇതിന് മുന്നോട്ടുവരണം. വിവിധ ഗവര്‍ണറേറ്റുകളില്‍ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം തുടരും. ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പിഴകളൊന്നും ചുമത്തില്ല. സര്‍ക്കാര്‍ സേവനങ്ങളും ബാങ്കിംഗ് സേവനങ്ങളും തടയുന്ന സാഹചര്യം ഒഴിവാക്കാന്‍ മുഴുവന്‍ വിദേശികളും സ്വദേശികളും ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
വിദേശങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും വിദേശങ്ങളില്‍ ചികിത്സയിലുള്ള രോഗികളെയും അവര്‍ക്കൊപ്പമുള്ള കൂട്ടിയിരുപ്പുകാരെയും മാത്രമാണ് ബയോമെട്രിക് രജിസ്‌ട്രേഷനില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കിയിരിക്കുന്നത്. ഇതിന് തങ്ങള്‍ വിദേശത്ത് പഠനത്തിലും ചികിത്സയിലുമാണെന്ന കാര്യം അവര്‍ തങ്ങള്‍ കഴിയുന്ന രാജ്യങ്ങളിലെ കുവൈത്ത് എംബസികളെ സമീപിച്ച് തെളിയിക്കണം. നയതന്ത്ര ഉദ്യോഗസ്ഥരെയും ബയോമെട്രിക് രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മേജര്‍ ജനറല്‍ ഈദ് അല്‍ഉവൈഹാന്‍ പറഞ്ഞു.