കൊൽക്കത്ത- കുട്ടിക്കാലം മുതൽ യുവാവായിരിക്കുന്നത് വരെ താൻ ആർ.എസ്.എസ് അംഗമായിരുന്നുവെന്നും സംഘത്തിലേക്ക് തന്നെ തിരിച്ചുപോകുമെന്നും കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. റിട്ടയർമെന്റ് ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
താൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) അംഗമായിരുന്നുവെന്നും സംഘടനയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ടെന്നും ദാസ് പറഞ്ഞു. 37 വർഷത്തിലേറെയായി അവരുമായി അകന്നുനിൽക്കുന്ന തന്നെ അവർക്ക് വേണമെങ്കിൽ വീണ്ടും വിളിക്കാം. അവരുമായി വീണ്ടും ചേരാൻ തയ്യാറാണെന്നും ദാസ് കൂട്ടിച്ചേർത്തു.
ആർ.എസ്.എസുകാരാണ് എനിക്ക് ധൈര്യമെന്താണെന്നെന്ന് പഠിപ്പിച്ചത്. ആളുകളോട് തുല്യമായി പെരുമാറാനും അവർ പഠിപ്പിച്ചുവെന്ന് ദാസ് പറഞ്ഞു. 37 വർഷമായി ആർ.എസ്.എസുമായി ബന്ധമില്ല. പക്ഷേ സംഘടനയിലെ അംഗത്വം ഒരിക്കലും സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല. എല്ലാവരോടും ഞാൻ തുല്യമായി പെരുമാറി. ഞാൻ സഹാനുഭൂതിയിൽ വിശ്വസിച്ചു. ഏതെങ്കിലും ജോലിക്ക് എന്നെ ആവശ്യമെങ്കിൽ ആർ.എസ്.എസിലേക്ക് തിരികെ പോകാൻ ഞാൻ തയ്യാറാണ്.
രാഷ്ട്രീയ ബന്ധങ്ങൾ പരിഗണിക്കാതെ തൻ്റെ മുമ്പാകെ എത്തിയ ഓരോ കേസിലും നിഷ്പക്ഷത പാലിച്ചുവെന്ന് ജസ്റ്റിസ് ദാസ് അവകാശപ്പെട്ടു.
കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ‘അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കാൻ’ ചില പെരുമാറ്റച്ചട്ടങ്ങൾ അടങ്ങുന്ന വിധി പുറപ്പെടുവിച്ച ബെഞ്ചിൻ്റെ ഭാഗമായപ്പോഴും അദ്ദേഹം വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു. ഈ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീം കോടതി വിധി തിരുത്തിയത്.