ദമാസ്‌കസ് – ഒറ്റിയേക്കുമെന്ന് ഭയന്ന്, ബന്ധുക്കളും മുതിര്‍ന്ന ഉപദേഷ്ടാക്കളും സൈനിക, സുരക്ഷാ മേധാവികളും മന്ത്രിമാരും അടക്കം വളരെ അടുപ്പം കാത്തുസൂക്ഷിച്ച ഒരാളെ പോലും അറിയിക്കാതെയും എല്ലാവരെയും കബളിപ്പിച്ചുമാണ് മുന്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം തേടിയതെന്ന് സിറിയയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് കൃത്യമായ വിവരമുള്ള പത്തിലേറെ ആളുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ഭരണം അവസാനിക്കാൻ പോകുകയാണെന്ന് മനസ്സിലാക്കിയ ബശാര്‍ അല്‍അസദ് രാജ്യത്തു നിന്ന് രക്ഷപ്പെടാനുള്ള പദ്ധതി ആരെയും അറിയിച്ചിരുന്നില്ല. മോസ്‌കോയിലേക്ക് രക്ഷപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തു വെച്ച് മുപ്പതോളം സൈനിക, സുരക്ഷാ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പ്രതിപക്ഷ സേനയെ തുരത്താന്‍ റഷ്യയില്‍ നിന്നുള്ള സൈനിക പിന്തുണ എത്തിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, ശക്തമായി പ്രതിരോധിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സിവില്‍ ജീവനക്കാര്‍ക്കും പ്രസിഡന്റിന്റെ ഒളിച്ചോട്ടത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.
ജോലി പൂര്‍ത്തിയാക്കി താന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് ഓഫീസ് മാനേജരെ ബശാര്‍ അല്‍അസദ് ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഓഫീസിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനു പകരം എയര്‍പോര്‍ട്ടിലേക്കാണ് അസദ് പോയത്. മാധ്യമ ഉപദേഷ്ടാവ് ബുഥൈന ശഅബാനോട് തന്റെ സന്ദേശം രേഖപ്പെടുത്താന്‍ വസതിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം പ്രസിഡന്റിന്റെ വസതിയിലെത്തിയ ബുഥൈന ശഅബാന് അവിടെ ആരെയും കാണാനായില്ല.
ഇരുപത്തിനാലു വര്‍ഷം നീണ്ട ഭരണം നിലനിർത്താൻ വിദേശ സഹായത്തിന് കാത്തിരിക്കുകയായിരുന്നു അസദ് അവസാന നിമിഷങ്ങളിലും. എന്നാൽ എല്ലാം കൈവിട്ടുപോകുന്നുവെന്ന് വ്യക്തമായ ഘട്ടത്തിൽ ആരോടും പറയാതെയും എല്ലാവരെയും കബളിപ്പിച്ചും അങ്ങേയറ്റത്തെ രഹസ്യാത്മക കാത്തുസൂക്ഷിച്ചും അസദ് രാജ്യം വിട്ടു. ഞായറാഴ്ച പുലര്‍ച്ചെ മുന്‍ പ്രസിഡന്റ് ദമാസ്‌കസ് എയര്‍പോര്‍ട്ടില്‍ നിന്ന് സിറിയന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറുകയായിരുന്നെന്ന് സിറിയന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിറിയന്‍ എയര്‍ലൈന്‍സിനു കീഴിലെ ‘ഇല്യൂഷന്‍ ഐ.എല്‍-76 ടി’ ഇനത്തില്‍ പെട്ട ചരക്ക് വിമാനത്തില്‍ മുന്‍കൂട്ടി പ്രത്യേകം നിര്‍ണയിക്കാത്ത ലക്ഷ്യസ്ഥാനത്തേക്ക് പ്രാദേശിക സമയം പുലര്‍ച്ചെ 3.59 ന് അസദ് രാജ്യം വിട്ടത്.
ഫ്‌ളൈറ്റ്‌റഡാര്‍ 24 വെബ്‌സൈറ്റ് ഡാറ്റ അനുസരിച്ച്, മുന്‍ പ്രസിഡന്റ് ഉള്‍പ്പെടുന്ന അലവി വിഭാഗത്തിന്റെ ശക്തികേന്ദ്രമായ മധ്യധരണ്യാഴിയുടെ തീരദേശത്തേക്കാണ് തുടക്കത്തില്‍ വിമാനം നീങ്ങിയത്. ഇവിടെ രണ്ട് പ്രധാന റഷ്യന്‍ സൈനിക താവളങ്ങളായ ഹമൈമിം വ്യോമതാവളവും ടര്‍ടൂസ് നാവിക താവളവുമുണ്ട്. ഹുംസ് നഗരത്തിനു മുകളിലൂടെ പറന്ന വിമാനം വൈകാതെ ശരിയായ പാതയിലേക്ക് മടങ്ങി കിഴക്ക് ദിശയില്‍ പറക്കാന്‍ തുടങ്ങി. പ്രാദേശിക സമയം പുലര്‍ച്ചെ 4.39 ന് വിമാനത്തിന്റെ സിഗ്നല്‍ നഷ്ടപ്പെട്ടു. ഈ സമയത്ത് ഹുംസിന് പടിഞ്ഞാറ് 13 കിലോമീറ്റര്‍ ദൂരെയായിരുന്നു വിമാനം. ഈ സമയത്ത് വിമാനം 495 മീറ്റര്‍ മാത്രം ഉയരത്തിലായിരുന്നു. ഹമൈമിം വ്യോമതാവളത്തിനു സമീപമുള്ള ലഡാക്കിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഞായറാഴ്ച റഷ്യന്‍ വിമാനവും പറന്നുയര്‍ന്ന് മോസ്‌കോയിലേക്ക് തിരിച്ചു. ഈ വിമാനത്തില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നത് എന്ന കാര്യം അറിയില്ല.
അതിനിടെ, സിറിയന്‍ പ്രസിഡന്റിനെ അധികാര ഭ്രഷ്ടനാക്കുന്നതിലേക്ക് നയിച്ച ഭീഷണികള്‍ കണ്ടെത്തുന്നതില്‍ റഷ്യന്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടതില്‍ വിശദമായ അന്വേഷണത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്റുമാരാണ് ദമാസ്‌കസില്‍ നിന്നുള്ള ബശാര്‍ അല്‍അസദിന്റെ യാത്ര ക്രമീകരിച്ചതെന്നും റഷ്യന്‍ സൈനിക താവളത്തില്‍ നിന്നാണ് റഷ്യന്‍ ഇന്റലിജന്‍സ് ബശാര്‍ അല്‍അസദിനെ സിറിയയില്‍ നിന്ന് പുറത്തുകടത്തിയതെന്നും ക്രെംലിന്‍ വെളിപ്പെടുത്തി. വിമാനത്തിന്റെ നിരീക്ഷണം തടയാന്‍ റഷ്യ സിറിയയില്‍ റഡാര്‍ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതായും ക്രെംലിന്‍ പറഞ്ഞു.
സിറിയയിലെ സായുധരായ പ്രതിപക്ഷ ഗ്രൂപ്പുകള്‍ നവംബര്‍ 27 ന് അലപ്പോയിലും ഇദ്‌ലിബിലെയും സിറിയന്‍ സൈനിക കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്തി. ഡിസംബര്‍ 8 ന് തലസ്ഥാനമായ ദമാസ്‌കസിലും പ്രതിപക്ഷ സേന പ്രവേശിച്ചു. ഇതോടെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ജലാലി രാജ്യത്ത് അധികാരം സമാധാനപരമായി കൈമാറാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
സിറിയന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ബശാര്‍ അല്‍അസദ് രാജിവെച്ച് രാജ്യം വിട്ടതായും സമാധാനപരമായ അധികാര കൈമാറ്റത്തിന് നിര്‍ദേശം നല്‍കിയതായും റഷ്യന്‍ വിദേശ മന്ത്രാലയം അറിയിച്ചു. റഷ്യ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ല. ബശാര്‍ അല്‍അസദും കുടുംബാംഗങ്ങളും മോസ്‌കോയിലെത്തിയതായും മാനുഷിക കാരണങ്ങളാല്‍ അവര്‍ക്ക് റഷ്യ അഭയം നല്‍കിയതായും ഡിസംബര്‍ എട്ടിന് ക്രെംലിന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.