ജിദ്ദ – മുന്‍കൂട്ടി പെര്‍മിറ്റ് നേടാതെ വിദേശ ട്രക്കുകള്‍ പച്ചക്കറി മൊത്തമാര്‍ക്കറ്റുകളില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. സൗദിയില്‍ ചരക്ക് നീക്കത്തിന് വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകളുമായും ലോറികളുമായും കരാറുകള്‍ ഒപ്പുവെക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളും കര്‍ഷകരും പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണ്. സൗദിയില്‍ നിയമ വിരുദ്ധമായി ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിച്ചതിന് വിദേശ ട്രക്കുകളുടെ പേരില്‍ രേഖപ്പെടുത്തിയ നിയമ ലംഘനങ്ങള്‍ കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ വര്‍ധിച്ചു. 2024 ല്‍ വിദേശ ട്രക്കുകളുടെ പേരില്‍ 26,000 ലേറെ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിദിനം ശരാശരി 71 നിയമ ലംഘനങ്ങള്‍ തോതില്‍ വിദേശ ട്രക്കുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. 2023 ല്‍ 8,569 നിയമ ലംഘനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മൊത്ത മാര്‍ക്കറ്റുകള്‍, കന്നുകാലി മാര്‍ക്കറ്റുകള്‍, കാലിത്തീറ്റ മാര്‍ക്കറ്റുകള്‍ പോലുള്ള മാര്‍ക്കറ്റുകളില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയില്‍ നിന്ന് പെര്‍മിറ്റ് നേടാതെ വിദേശ ട്രക്കുകള്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച സര്‍ക്കുലറില്‍ പറഞ്ഞു.
സൗദിയില്‍ പച്ചക്കറി, കന്നുകാലി, കാലിത്തീറ്റ മാര്‍ക്കറ്റുകളില്‍ വിദേശ ട്രക്കുകള്‍ ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നീതിപൂര്‍വമായ മത്സരം ഉറപ്പുവരുത്താനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നല്‍കാനും മുഴുവന്‍ കക്ഷികളും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയില്‍ നിന്ന് പെര്‍മിറ്റ് നേടാതെ സൗദിയില്‍ ചരക്ക് നീക്കത്തിന് വിദേശ ട്രക്കുകളുമായി സ്ഥാപനങ്ങളും കര്‍ഷകരും കരാറുകള്‍ ഒപ്പുവെക്കരുതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലിയും ആവശ്യപ്പെട്ടു. പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകളെ പച്ചക്കറി, കന്നുകാലി, കാലിത്തീറ്റ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് ചരക്ക് ലോഡുമായി വരുന്ന വിദേശ ലോറികള്‍ക്കുള്ള പെര്‍മിറ്റ് വ്യവസ്ഥ 2023 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദി കമ്പനികള്‍ക്കും ട്രക്കുകള്‍ക്കും പിന്തുണ നല്‍കാനും നീതിപൂര്‍വമായ മത്സരം ഉറപ്പുവരുത്താനും നിക്ഷേപ അനുകൂല അന്തരീക്ഷം ഒരുക്കാനും ചരക്ക് ഗതാഗത മേഖലയില്‍ സുരക്ഷാ നിലവാരം ഉയര്‍ത്താനും ശ്രമിച്ചാണ് വിദേശ ട്രക്കുകള്‍ക്ക് ഇ-ട്രാന്‍സ്‌പോര്‍ട്ട് ഡോക്യുമെന്റ് നിര്‍ബന്ധമാക്കിയത്.
പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ നഖ്ല്‍ പോര്‍ട്ടല്‍ വഴിയാണ് വിദേശ ലോറികള്‍ക്ക് ഇ-ട്രാന്‍സ്‌പോര്‍ട്ട് ഡോക്യുമെന്റ് അനുവദിക്കുന്നത്. ചരക്ക് ലോഡ് അയക്കുന്ന സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍, ലോഡ് അയക്കപ്പെടുന്ന സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍, ചരക്ക് ലോഡിനെ കുറിച്ച വിവരങ്ങള്‍, യാത്ര, റൂട്ട് വിശദാംശങ്ങള്‍, ചരക്ക് ഗതാഗത കമ്പനി വിവരങ്ങള്‍ എന്നിവയെല്ലാം ഇ-ഡോക്യുമെന്റില്‍ അടങ്ങിയിരിക്കും. ചരക്ക് ലോഡുമായി വിദേശ ലോറികള്‍ സൗദിയില്‍ പ്രവേശിക്കാന്‍ ഇ-ഡോക്യുമെന്റ് നിര്‍ബന്ധമാണ്.
സൗദി അറേബ്യക്കകത്ത് ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള സൗദി കമ്പനികള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. ഇ-പെര്‍മിറ്റ് നേടാതെ സൗദി അറേബ്യക്കകത്ത് ചരക്ക് നീക്കത്തിന് സൗദി കമ്പനികളും ഇറക്കുമതിക്കാരും വ്യാപാരികളും ഫാക്ടറികളും വിദേശ ട്രക്കുകളുമായി കരാറുകള്‍ ഒപ്പുവെക്കുന്നത് വിലക്കിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള ചരക്ക് ലോഡ് സൗദിയില്‍ പ്രത്യേകം നിര്‍ണയിച്ച നഗരത്തില്‍ എത്തിക്കാനാണ് വിദേശ ലോറികള്‍ക്ക് അനുമതിയുള്ളത്. വിദേശത്തേക്കുള്ള മടക്കയാത്രയില്‍, ചരക്ക് ലോഡ് എത്തിച്ച നഗരത്തില്‍ നിന്നോ മടക്കയാത്രാ റൂട്ടിലെ മറ്റു നഗരങ്ങളില്‍ നിന്നോ മാത്രമാണ് ചരക്ക് ലോഡ് കയറ്റാന്‍ അനുമതിയുള്ളത്.