ഗാസ – ഗാസയില്‍ കൊടുങ്കാറ്റും പേമാരിയും അതിശൈത്യവും മൂലം ആറ് കുട്ടികള്‍ ഉള്‍പ്പെടെ 25 ഫലസ്തീനികള്‍ ഈ മാസം ഇതുവരെ മരിച്ചതായി ഗാസ മുനമ്പിലെ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണും വെള്ളക്കെട്ടുകളില്‍ വീണും ഏതാനും പേര്‍ മരിച്ചു. കൊടുങ്കാറ്റിലും മഴയിലും 18 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇത് ആളപായത്തിനും ഭൗതിക നാശനഷ്ടങ്ങള്‍ക്കും കാരണമായി. ഗാസയിലെ 110 ലേറെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. ഈ കെട്ടിടങ്ങളിലും സമീപത്തും താമസിക്കുന്ന ആയിരക്കണക്കിന് നിവാസികളുടെ ജീവന് ഇത് ഭീഷണി സൃഷ്ടിക്കുന്നു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയും ശക്തമായ കാറ്റും കാരണം ഗാസയിലെ കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങളില്‍ 90 ശതമാനത്തിലേറെയും പറന്നുപോവുകയോ വെള്ളത്തില്‍ മുങ്ങുകയോ ചെയ്തു. ഇത് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക ദുരന്തത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നതായി മഹ്‌മൂദ് ബസല്‍ പറഞ്ഞു.
കൊടുങ്കാറ്റും പേമാരിയും ഗാസയിലെ 2,35,000 ആളുകളെ ബാധിച്ചതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അറിയിച്ചു. കൊടുങ്കാറ്റിലും പേമാരിയിലും കെട്ടിടങ്ങള്‍ തകരുകയും തമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മാസങ്ങളോളം നീണ്ടുനിന്ന യുദ്ധവും കുടിയിറക്കവും ഗാസ മുനമ്പിലെ ആളുകളെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലോ താല്‍ക്കാലിക ഷെല്‍ട്ടറുകളിലോ തമ്പുകളിലോ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കി. മോശം കാലാവസ്ഥ കാരണം 17 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 42,000 ലേറെ ടെന്റുകള്‍ക്കും താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്കും ഭാഗികമായോ പൂര്‍ണ്ണമായോ കേടുപാടുകള്‍ സംഭവിച്ചു. കുറഞ്ഞത് 2,35,000 ആളുകളെയെങ്കിലും ഇത് ബാധിച്ചതായും യു.എന്‍ റിലീഫ് ഏജന്‍സി പറഞ്ഞു.



