- സൗദി, രാജ്യാന്തര താരങ്ങളെ ആദരിച്ച് റിയാദ് സീസണ്‍ ജോയ് അവാര്‍ഡ്‌സ്
റിയാദ് – റിയാദ് സീസണ്‍ പരിപാടികളുടെ ഭാഗമായി 2025 എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സിനുള്ള ജോയ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ, ലോകമെമ്പാടുമുള്ള കലാ, സാംസ്‌കാരിക പ്രേമികളുടെ ശ്രദ്ധ തലസ്ഥാന നഗരിയായ റിയാദിലേക്ക് തിരിഞ്ഞു. എ.എന്‍.ബി അരീനയില്‍ നടന്ന ചടങ്ങില്‍ കല, സംഗീതം, കായികം എന്നീ മേഖലകളില്‍ തിളങ്ങിയ ഒരു കൂട്ടം സൗദി, അറബ്, രാജ്യാന്തര താരങ്ങളെ ആദരിച്ചു. ഇവരുടെ സൃഷ്ടികളും നേട്ടങ്ങളും 2024 ല്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. ബോളിവുഡ് നടന്‍ ഹൃത്രിക് റോഷനും ആദരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
സിനിമാ വിഭാഗത്തില്‍ കവി കൂടിയായ ബദ്ര്‍ ബിന്‍ അബ്ദുല്‍മുഹ്‌സിന്‍ രാജകുമാരന് ഡയമണ്ട് എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും അമേരിക്കന്‍ നടന്‍ മാത്യു മക്കൊണാഗെക്ക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡും ബോളിവുഡ് നടന്‍ ഹൃതിക് റോഷന് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും നടന്‍ ഹിശാം മജീദിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. ടി.വി സീരിയല്‍ വിഭാഗത്തില്‍ നടന്‍ സാമിര്‍ ഇസ്മായില്‍ പ്രിയപ്പെട്ട നടനുള്ള അവാര്‍ഡ് നേടി. നടി അല്‍അനൂദ് അബ്ദുല്‍ഹക്കീം പ്രിയപ്പെട്ട പുതുമുഖത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. നടന്‍ യാസിര്‍ അല്‍അദ്മ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടി. നിഅ്മ അല്‍അവകാഡോ പമ്പരക്കാണ് മികച്ച ഈജിപ്ഷ്യന്‍ ടി.വി സീരിയലിനുള്ള അവാര്‍ഡ്.

ശബാബ് അല്‍ബോംബ് സീസണ്‍ 12 പ്രിയപ്പെട്ട ഗള്‍ഫ് സീരിയലിനുള്ള അവാര്‍ഡ് നേടി. മോര്‍ഗന്‍ ഫ്രീമാനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. സംവിധാന വിഭാഗത്തില്‍ ഇഷ്ടപ്പെട്ട ചലച്ചിത്ര സംവിധായകനുള്ള അവാര്‍ഡ് താരിഖ് അല്‍അരിയാനാണ്. സ്പോര്‍ട്സ് വിഭാഗത്തില്‍ പ്രിയപ്പെട്ട അത്ലറ്റിനുള്ള അവാര്‍ഡ് സാലിം അല്‍ദോസരിയും വനിതാ അത്‌ലറ്റ് അവാര്‍ഡ് ഹത്താന്‍ അല്‍സൈഫും നേടി.
സിനിമാ വിഭാഗത്തില്‍ രാജ്യാന്തര സംവിധായകന്‍ ഗൈ റിച്ചിക്ക് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും സംവിധായകന്‍ അബ്ദുല്ല അല്‍മുഹൈസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ലഭിച്ചു. ചലച്ചിത്ര അവാര്‍ഡ് വുലാദ് റിസ്‌ക് 3: ദി ജഡ്ജ് എന്ന ചിത്രത്തിനും ഇഷ്ട നടിക്കുള്ള അവാര്‍ഡ് നടി ഹനാ അല്‍സാഹിദിനും ലഭിച്ചു.
ഇന്‍ഫ്‌ളുവന്‍സേഴ്സ് വിഭാഗത്തില്‍ അഹ്മദ് അല്‍ഖഹ്താനി (ഷോംഗ് ബോംഗ്) ഫേവറിറ്റ് ഇന്‍ഫ്‌ളുവന്‍സേഴ്സ് അവാര്‍ഡ് നേടി. വനിതാ ഇന്‍ഫ്‌ലുവന്‍സേഴ്സ് വിഭാഗത്തില്‍ ഫേവറിറ്റ് ഇന്‍ഫ്‌ളുവന്‍സേഴ്സ് അവാര്‍ഡ് നാരിന്‍ ബ്യൂട്ടിക്ക് ആണ്. സംവിധായകന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ലഭിച്ചു. അന്തരിച്ച മഹാകവി ബദ്ര്‍ ബിന്‍ അബ്ദുല്‍മുഹ്‌സിന്‍ രാജകുമാരന്‍ കലാ, സംഗീത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരിക്കപ്പെട്ടു.
സംഗീത വിഭാഗത്തില്‍ പുതുമുഖ അവാര്‍ഡ് റാകാന്‍ ആലുസഈദും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കലാകാരന്‍ അബ്ദുല്ല അല്‍റുവൈശിദും നേടി. സംവിധായകന്‍ ജെ.കെ യൂണും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായി. ഡിസൈനര്‍ സുഹൈര്‍ മുറാദ് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡ് നേടി. അല്‍ജവ് എന്ന ഗാനത്തിന് മാജിദ് അല്‍മുഹന്ദിസ് ഇഷ്ട ഗാനത്തിനുള്ള അവാര്‍ഡും അസാല ഇഷ്ട ഗായികക്കുള്ള അവാര്‍ഡും നേടി.
ജോയ് അവാര്‍ഡ്‌സ് 2025 ല്‍ വിവിധ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദേശ സമര്‍പ്പണം കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിക്കുകയും വിജയികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവാര്‍ഡ് ആപ്പ് വഴി ഒരു മാസം തുടരുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ തിളങ്ങിയ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് സിനിമ, സീരിയല്‍, സംഗീതം, കായികം, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, സംവിധാനം എന്നീ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി വിഭാഗങ്ങള്‍ അവാര്‍ഡുകളില്‍ ഉള്‍പ്പെടുന്നു.