ഗാസയില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു; കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈനിക നടപടി വ്യാപിപ്പിച്ച് ഇസ്രായില്‍
ജറൂസലം – ഇസ്രായില്‍ ആക്രമണങ്ങളില്‍ ഒരു ഡസനോളം കുട്ടികള്‍ ഉള്‍പ്പെടെ 30 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു. ദക്ഷിണ നഗരമായ ഖാന്‍ യൂനിസില്‍ ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് ഗാസയുടെ വടക്ക് ഭാഗത്തുണ്ടായ ആക്രമണത്തില്‍ 19 പേര്‍ കൂടി കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികളിലെ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സും പറഞ്ഞു. രാത്രിയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 12 പേരുടെ മൃതദേഹങ്ങള്‍ നാസിര്‍ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഒരു ഗര്‍ഭിണി അടക്കം അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി ഗാസ യൂറോപ്യന്‍ ആശുപത്രി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് ഉത്തര ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ യു.എന്‍ റിലീഫ് ഏജന്‍സി കെട്ടിടത്തില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍ റിലീഫ് ഏജന്‍സി കെട്ടിടം തകര്‍ന്നതായി ഏജന്‍സി വക്താവ് ജൂലിയറ്റ് ടൗമ സ്ഥിരീകരിച്ചു. യു.എന്‍ റിലീഫ് ഏജന്‍സി ക്ലിനിക്ക് ആണ് കെട്ടിടത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഇപ്പോള്‍ അത് കുടിയിറക്കപ്പെട്ട ആളുകളെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചുവരികയായിരുന്നു. ആക്രമണത്തില്‍ കെട്ടിടത്തിലെ രണ്ട് മുറികള്‍ തകര്‍ന്നതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ആ പ്രദേശത്ത് ഹമാസ് അംഗങ്ങളെ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. സായുധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കനായി ഉപയോഗിക്കുന്ന കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ അവര്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും ഹമാസിന്റെ കേന്ദ്ര മീറ്റിംഗ് പോയിന്റായാണ് കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു.
ഗാസയില്‍ വലിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനായി ഇസ്രായിലിന്റെ സൈനിക നടപടി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്‌റായില്‍ കാറ്റ്‌സ് പറഞ്ഞു. ഇസ്രായിലിന്റെ സുരക്ഷാ മേഖലകളിലേക്ക് കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രായിലിന്റെ വാദനം. ഇസ്രായില്‍ അതിര്‍ത്തിയിലെ സുരക്ഷാ വേലിക്കു സമീപം ഗാസയില്‍ ഇസ്രായില്‍ സര്‍ക്കാര്‍ വളരെക്കാലമായി ബഫര്‍ സോണ്‍ നിലനിര്‍ത്തിയിട്ടുണ്ട്. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം ബഫര്‍ സോണ്‍ വളരെയധികം വികസിച്ചു. തങ്ങളുടെ സുരക്ഷക്ക് ബഫര്‍ സോണ്‍ ആവശ്യമാണെന്നാണ് ഇസ്രായിൽ വാദം.
വിപുലീകരിച്ച ഓപ്പറേഷനിലൂടെ ഗാസയിലെ ഏതൊക്കെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍ പോരാട്ട മേഖലകളില്‍ നിന്നുള്ള ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. തെക്കന്‍ നഗരമായ റഫയും സമീപ പ്രദേശങ്ങളും പൂര്‍ണമായും ഒഴിപ്പിക്കാന്‍ ഇസ്രായില്‍ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. ഹമാസിനെ തകര്‍ക്കുക എന്ന ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഗാസയില്‍ പരിധിയില്ലാത്ത സുരക്ഷാ നിയന്ത്രണം നിലനിര്‍ത്താനാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ പുറത്താക്കാനും എല്ലാ ബന്ദികളെ തിരികെ എത്തിക്കാനും ഇസ്രായില്‍ പ്രതിരോധ മന്ത്രി ഗാസ നിവാസികളോട് ആഹ്വാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത് – കാറ്റ്‌സ് പറഞ്ഞു.
ഗാസയില്‍ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിനെ കുറിച്ച പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഭയാനകമാണെന്ന് മിക്ക ബന്ദികളുടെയും കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഹോസ്റ്റേജ് ഫാമിലീസ് ഫോറം പറഞ്ഞു. 59 ബന്ദികളെ ഹമാസ് തടവില്‍ നിന്ന് മോചിപ്പിക്കാന്‍ ഇസ്രായില്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അവരുടെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും പിന്തുടരണം. ഓരോ ദിവസം കഴിയുംതോറും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകുന്നതായി ഫോറം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരാന്‍ ട്രംപ് ഭരണകൂടത്തോടും മറ്റ് മധ്യസ്ഥരോടും ഫോറം ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും തിരികെ എത്തിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള അടിയന്തര കരാറിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്ന് ഗ്രൂപ്പ് പറഞ്ഞു.