മോണ്ടെവീഡിയോ- അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിൽ യോഗ്യത നേടുന്ന ആദ്യ ദക്ഷിണ അമേരിക്കിൻ രാജ്യമായി അർജന്റീന. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതയിൽ ബൊളീവിയ-ഉറുഗ്വായ് മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്. നിലവിലെ ജേതാക്കളായ അർജന്റീന ഇന്ന് ബ്രസീലിനെതിരായ മത്സരത്തിൽ പങ്കെടുക്കുകയാണ്. ആദ്യ പകുതി പിന്നിട്ടപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തി. മത്സരത്തിന്റെ നാലാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനക്കായി ആദ്യ ഗോൾ നേടിയത്. പന്ത്രണ്ടാമത്തെ മിനിറ്റിൽ എൻസോ ഫെർണാണ്ടസ് രണ്ടാം ഗോൾ നേടി. ഇരുപത്തിയാറാമത്തെ മിനിറ്റിൽ മാത്യൂസ് കുൻഹ ബ്രസീലിനായി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ 37-മത്തെ മിനിറ്റിൽ മാക് അലിസ്റ്റർ അർജന്റീനയുടെ മൂന്നാമത്തെ ഗോൾ നേടി.

ബൊളീവിയ ഉറുഗ്വേയ്‌ക്കെതിരെ സ്വന്തം മണ്ണിൽ 0-0 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞതോടെയാണ് അർജന്റീന ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. പതിനാലു മത്സരങ്ങളിൽനിന്നായി 14 പോയിന്റുമായി ബൊളീവിയ ഗ്രൂപ്പിൽ ഏഴാം സ്ഥാനത്താണ്. ബൊളീവിയക്ക് ഇനി നാല് മത്സരങ്ങൾ ബാക്കിയുണ്ട്. 13 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്താണ്. ദക്ഷിണ അമേരിക്കൻ പൂളിലെ ഒരു സ്ഥാനം ഇതോടെ അർജന്റീനി ഉറപ്പാക്കി. ഇന്റർ-കോൺഫെഡറേഷൻ പ്ലേഓഫിലേക്കുള്ള സ്ഥാനത്തിനായി പോരാടുന്ന ബൊളീവിയക്ക് അർജന്റീനയുടെ യോഗ്യത വൈകിപ്പിക്കാൻ ഉറുഗ്വേയ്‌ക്കെതിരെ വിജയം ആവശ്യമായിരുന്നു.
നിരവധി അവസരങ്ങൾ ബൊളീവിയ സൃഷ്ടിച്ചെങ്കിലും എല്ലാം ഉറുഗ്വേ ഗോൾകീപ്പർ സെർജിയോ റോഷെറ്റിന്റെ തുടർച്ചയായ സേവുകളിൽ വിഫലമായി. ഈ ഫലം ഉറുഗ്വേയെ 14 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത് നിലനിർത്തി. അടുത്ത വർഷത്തെ ലോകകപ്പിൽ 48 ടീമുകളെ ഉൾപ്പെടുത്തുന്നതിനാൽ ദക്ഷിണ അമേരിക്കയിൽ നിന്ന് ആറ് ടീമുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലേക്ക് യോഗ്യത നേടാനാകും. 1978, 1986, 2022 വർഷങ്ങളിൽ കിരീടം നേടിയ അർജന്റീന നാലാം ലോകകപ്പ് വിജയത്തിനായാണ് ഒരുങ്ങുന്നത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയർ എന്ന നിലയിൽ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഏഷ്യയിൽനിന്ന് ജപ്പാൻ, ഇറാൻ, ദക്ഷിണ അമേരിക്കയിൽനിന്ന് അർജന്റീന, ഓഷ്യാനിയ മേഖലയിൽനിന്ന് ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് നിലവിൽ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങൾ.