പാരീസ്- പാരീസ് ഒളിംപിക്സിലെ ആദ്യ ഫുട്ബോൾ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ അർജന്റീനക്ക് മത്സരം തീർന്ന് ഒന്നര മണിക്കൂറിന് ശേഷം തോൽവി. വാർ റിവ്യൂവിലൂടെയാണ് സമനില നേടിയ ഗോൾ നിഷേധിച്ചത്. ഫുട്ബോൾ ലോകത്ത് ഒരിക്കലും കാണാത്ത സംഭവത്തിനാണ് ഇന്ന് പാരീസ് സാക്ഷ്യം വഹിച്ചത്. 116 -ാം മിനിറ്റിൽ അർജന്റീനയുടെ മദീന നേടിയ സമനില ഗോളാണ് അസാധുവായി പ്രഖ്യാപിച്ചത്.
ഈ ഗോൾ ഓഫ്സൈഡാണ് എന്നായിരുന്നു വാറിൽ കണ്ടെത്തിയത്. താരങ്ങൾ ഡഗൗട്ടിൽ ഒന്നര മണിക്കൂറിലേറെ നിന്ന ശേഷമാണ് മത്സരം പുനരാരംഭിച്ചത്. പിന്നീട് മൂന്നു മിനിറ്റ് കൂടി മത്സരം നടന്നു. മത്സരത്തിൽ മൊറോക്കോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.
അർജന്റീന രണ്ടാമത്തെ ഗോൾ അടിച്ചതോടെ മൊറോക്കോ ആരാധകർ ഗ്രൗണ്ടിലെത്തി പ്രതിഷേധം മുഴക്കിയിരുന്നു. ആരാധാകരെ പുറത്താക്കാനാണ് ഇത്രയും സമയം കാത്തുനിന്നത്. തോൽവിയിൽനിന്ന് അവസാന നിമിഷം സമനില ഗോൾ സ്വന്തമാക്കി അർജന്റീന മുഖം രക്ഷിച്ചു എന്നു കരുതിയേടത്ത് നിന്നാണ് തോൽവി പ്രഖ്യാപനമുണ്ടായത്.