ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഡീസല്‍ വില 44 ശതമാനം കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 1.66 റിയാലായാണ് ഇന്ന് മുതല്‍ കമ്പനി ഉയര്‍ത്തിയത്. ഡീസല്‍ വില എല്ലാ വര്‍ഷാരംഭത്തിലുമാണ് സൗദി അറാംകൊ പുനഃപരിശോധിക്കുന്നത്. 2022 ജനുവരി മുതലാണ് ഈ രീതി നിലവില്‍വന്നത്. ഇതിനു ശേഷം ഇത് നാലാം തവണയാണ് സൗദി അറാംകൊ ഡീസല്‍ വില പുനഃപരിശോധിക്കുന്നത്.
2024 ആദ്യത്തില്‍ ഡീസല്‍ വില 53 ശതമാനം തോതില്‍ ഉയര്‍ത്തിയിരുന്നു. ഒരു ലിറ്റര്‍ ഡീസലിന്റെ വില 1.15 റിയാലാണ് കഴിഞ്ഞ വര്‍ഷാദ്യത്തില്‍ ഉയര്‍ത്തിയത്. 2015 നു മുമ്പ് ദീര്‍ഘകാലം ഡീസല്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. അന്ന് ഒരു ലിറ്റര്‍ ഡീസലിന് 0.25 റിയാലായിരുന്നു വില. 2015 ഡിസംബറില്‍ ഡീസല്‍ വില 80 ശതമാനം തോതില്‍ ഉയര്‍ത്തി. ലിറ്ററിന് 0.45 റിയാലായാണ് വില ഉയര്‍ത്തിയത്. അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ബാധമാക്കിയതോടെ 2018 ല്‍ ഡീസല്‍ വില അഞ്ചു ശതമാനം തോതില്‍ ഉയര്‍ന്ന് ലിറ്ററിന് 0.47 റിയാലായി. മൂല്യവര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തിയതോടെ 2020 മധ്യത്തില്‍ ഡീസല്‍ വില പത്തു ശതമാനം തോതില്‍ ഉയര്‍ന്നു.
പെട്രോള്‍ വിലയില്‍ അറാംകൊ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഒക്‌ടേന്‍ 91 ഇനത്തില്‍ പെട്ട പച്ച നിറത്തിലുള്ള പെട്രോളിന് ലിറ്ററിന് 2.18 റിയാലും ഒക്‌ടേന്‍ 95 ഇനത്തില്‍ പെട്ട ചുവപ്പ് നിറത്തിലുള്ള പെട്രോളിന് ലിറ്റിന് 2.33 റിയാലുമാണ് വില.