ജിദ്ദ – ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട പുതിയതും അപകടകരവുമായ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ ഈ മാസം 27 ന് കയ്‌റോയില്‍ അടിയന്തര അറബ് ഉച്ചകോടി ചേരുമെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം അറിയിച്ചു. യുദ്ധാനന്തരം ഇസ്രായിലില്‍നിന്ന് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം ഗാസയെ ലോകോത്തര കേന്ദ്രമായി വികസിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിനെതിരെ പ്രാദേശികമായും അന്തര്‍ദേശീയമായും കടുത്ത പ്രതിഷേധവും എതിര്‍പ്പും ഉയരുന്നതിനിടയിലാണ് ഉച്ചകോടി നടക്കുന്നത്.
അറബ് ഉച്ചകോടിയുടെ നിലവിലെ പ്രസിഡന്റായ ബഹ്റൈനുമായും അറബ് ലീഗുമായും ഏകോപനം നടത്തിയും ഫലസ്തീന്‍ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ഉന്നത തലത്തില്‍ നടത്തിയ കൂടിയാലോചനക്കും ശേഷമാണ് ഈ മാസം 27 ന് അടിയന്തിര അറബ് ഉച്ചകോടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഫലസ്തീന്റെ അഭ്യർത്ഥന
ഫലസ്തീന്‍ പ്രശ്‌നത്തിലെ പുതിയതും അപകടകരവുമായ സംഭവവികാസങ്ങള്‍ അഭിസംബോധന ചെയ്യാനായി അടിയന്തിര ഉച്ചകോടി സംഘടിപ്പിക്കണമെന്ന് ഫലസ്തീന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഫലസ്തീന്‍ പ്രശ്‌നത്തെയും ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും വിനാശകരമായ സാഹചര്യങ്ങളെയും കുറിച്ച അറബ് നിലപാടുകള്‍ ഏകോപിപ്പിക്കുന്നതിന്റെയും കൂടിയാലോചനകള്‍ നടത്തുന്നതിന്റെയും ഭാഗമായി അറബ് രാജ്യങ്ങളുമായി ശക്തമായ ആശയവിനിമയങ്ങള്‍ നടത്തുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നിര്‍ദേശ പ്രകാരം, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതി നിരവധി അറബ് വിദേശ മന്ത്രിമാരുമായി ആശയവിനിമയങ്ങള്‍ നടത്തി. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ (അറബ് ഉച്ചകോടിയുടെ നിലവിലെ പ്രസിഡന്റ്), ജോര്‍ദാന്‍, ഇറാഖ്, അള്‍ജീരിയ, തുണീഷ്യ, മൗറിത്താനിയ, സുഡാന്‍ എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായാണ് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സംസാരിച്ചത്. വരും കാലയളവില്‍ അറബ് വിദേശ മന്ത്രിമാര്‍ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാനും മറ്റു അറബ് മന്ത്രിമാരുമായി കൂടിയാലോചനയും ഏകോപനവും തുടരാനും മന്ത്രിമാര്‍ പരസ്പര ധാരണയിലെത്തിയതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
ഫലസ്തീനികളെ കുടിയിറക്കാനുള്ള പദ്ധതിയെ കുറിച്ച ചര്‍ച്ചകള്‍ ശക്തിപ്രാപിക്കുന്നതിനിടെയാണ് അറബ് വിദേശ മന്ത്രിമാരുമായി ഈജിപ്ത് ശക്തമായ ആശയവിനിമയങ്ങള്‍ നടത്തുന്നതും അടിയന്തിര അറബ് ഉച്ചകോടി സംഘടിപ്പിക്കുന്നതും. ഫലസ്തീന്‍ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു നിര്‍ദേശത്തെയും ആശയത്തെയും ഈജിപ്ത് നിരാകരിക്കുന്നതതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഫലസ്തീന്‍ ജനതയെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന് തുടക്കം കുറിച്ചത് സംബന്ധിച്ച് ഇസ്രായിലി നേതാക്കള്‍ നടത്തിയ പ്രസ്താവനകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇത്തരം പ്രസ്താവനകളും നീക്കങ്ങളും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. ഇക്കാര്യത്തില്‍ ഇസ്രായില്‍ നേതാക്കളോട് അന്താരാഷ്ട്ര സമൂഹം കണക്കു ചോദിക്കണമെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.