അമ്മാന്‍ – സിറിയയിലെ ഇസ്രായില്‍ ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ജോര്‍ദാനിലെ അഖബയില്‍ ചേര്‍ന്ന, സിറിയയിലെ രാഷ്ട്രീയ ഭാവിയുമായി ബന്ധപ്പെട്ട അറബ് കോണ്‍ടാക്ട് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ യോഗത്തില്‍ സംബന്ധിച്ചു. മേഖലാ സുരക്ഷക്കും സ്ഥിരതക്കും സിറിയയുടെ സുരക്ഷയും സുസ്ഥിരതയും അത്യന്താപേക്ഷിതമാണ്. സിറിയയില്‍ സമാധാനപരമായ രാഷ്ട്രീയ പരിവര്‍ത്തന പ്രക്രിയയെ കമ്മിറ്റി പിന്തുണക്കുകയും സിറിയന്‍ ജനതക്കൊപ്പം നിലയുറപ്പിക്കുകയും അവരുടെ ഇഷ്ടങ്ങളെയും ചോയ്‌സുകളെയും മാനിക്കുകയും ചെയ്യുന്നു.
സിറിയയിലെ രാഷ്ട്ര സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുകയും അരാജകത്വത്തിലേക്ക് വഴുതിവീഴുന്നതില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയും സിറിയയിലേക്കുള്ള യു.എന്‍ ദൂതന്‍ നിര്‍വഹിക്കുന്ന പങ്കിനെ പിന്തുണക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരിവര്‍ത്തന പ്രക്രിയയെ പിന്തുണക്കുന്നതിനായി സിറിയയില്‍ ഒരു യു.എന്‍ മിഷന്‍ സ്ഥാപിക്കണമെന്നും അറബ് കോണ്‍ടാക്ട് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇസ്രായില്‍, സിറിയ അതിര്‍ത്തിയില്‍ സിറിയയുടെ ഭാഗത്തുള്ള ബഫര്‍ സോണിലേക്കുള്ള ഇസ്രായിലിന്റെ നുഴഞ്ഞുകയറ്റത്തെ യോഗം അപലപിച്ചു. ബഫര്‍ സോണില്‍ നിന്ന് ഇസ്രായില്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണം. സിറിയക്കും, മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്കും ഭീഷണിയായ ഭീകരവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും ഭീകരവാദത്തെ നേരിടുന്നതില്‍ സഹകരിക്കാനുമുള്ള പ്രതിബദ്ധത യോഗം വ്യക്തമാക്കി.
അതേസമയം, 1974 ല്‍ ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് സിറിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാനും വടക്കന്‍ സിറിയയില്‍ നുഴഞ്ഞുകയറിയ പ്രദേശങ്ങളില്‍ നിന്ന് പിന്മാറാനും ഇസ്രായേലിനെ നിര്‍ബന്ധിക്കണമെന്ന് സിറിയന്‍ ഇടക്കാല സര്‍ക്കാര്‍ യു.എന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. സിറിയയിലെ പുതിയ സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം രക്ഷാ സമിതിക്കും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഈയാവശ്യം ഉന്നയിച്ച് കത്തുകള്‍ അയച്ചതായി യു.എന്നിലെ സിറിയന്‍ അംബാസഡര്‍ ഖുസയ് അല്‍ദഹാക് പറഞ്ഞു.
പുതിയ സിറിയന്‍ ഇടക്കാല സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കുന്ന ആദ്യ കത്താണിത്. സിറിയന്‍ സായുധ പ്രതിപക്ഷം പ്രസിഡന്റ് ബശാര്‍ അല്‍അസാദിനെ അട്ടിമറിക്കുകയും സിറിയയില്‍ 50 വര്‍ഷത്തിലേറെ നീണ്ടുനിന്ന അല്‍അസദ് കുടുംബത്തിന്റെ ഭരണം അവസാനിപ്പിക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ഡിസംബര്‍ ഒമ്പതിനാണ് രക്ഷാ സമിതിക്കും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും യു.എന്നിലെ സിറിയന്‍ അംബാസഡര്‍ ഖുസയ് അല്‍ദഹാക് കത്തുകള്‍ അയച്ചത്.
സിറിയ അതിന്റെ ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും നിയമവാഴ്ചയുടെയും ഒരു രാഷ്ട്രം സ്ഥാപിക്കാനും സമൃദ്ധിക്കും സ്ഥിരതക്കും വേണ്ടിയുള്ള പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാനും ആഗ്രഹിക്കുന്നു. ഈ സമയത്ത് ഇസ്രായില്‍ സൈന്യം സിറിയയിലെ മൗണ്ട് ഹെര്‍മോണ്‍, ഖുനീത്ര ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ നുഴഞ്ഞുകയറി – രക്ഷാ സമിതിക്കും യു.എന്‍ സെക്രട്ടറി ജനറലിനും എഴുതിയ കത്തുകളില്‍ ഖുസയ് അല്‍ദഹാക് പറഞ്ഞു.
സിറിയന്‍ പ്രതിപക്ഷ സേന ദമാസ്‌കസ് പിടിച്ചടക്കിയ ഡിസംബര്‍ എട്ടിന് ഇസ്രായില്‍ സൈന്യം ഒരു പ്രതിരോധവും നേരിടാതെ ഗോലാന്‍ കുന്നുകളിലെ മൗണ്ട് ഹെര്‍മോണില്‍ സിറിയന്‍ ഭാഗത്ത് ആധിപത്യം സ്ഥാപിച്ചു. കൂടാതെ അതിര്‍ത്തിയില്‍ സിറിയയുടെ ഭാഗത്തുള്ള ബഫര്‍ സോണിലും ഇസ്രായില്‍ സൈന്യത്തെ വിന്യസിച്ചു. ദമാസ്‌കസിനെ അഭിമുഖീകരിക്കുന്ന തന്ത്രപ്രധാന സ്ഥലമായ ഹെര്‍മോണ്‍ പര്‍വതത്തില്‍ ശൈത്യകാലത്ത് മുഴുവന്‍ തുടരാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ ഇസ്രായില്‍ പ്രതിരോധമന്ത്രി യിസ്രായില്‍ കാട്‌സ് ഇസ്രായില്‍ സൈന്യത്തോട് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
സിറിയയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് ഹെര്‍മോണ്‍ പര്‍വതത്തിന്റെ മുകളില്‍ തുടരുന്നത് ഇസ്രായിലിനെ സംബന്ധിച്ചേടത്തോളം ഏറെ സുരക്ഷാ പ്രാധാനമാണ്. കഠിനമായ കാലാവസ്ഥാ സാഹചര്യത്തില്‍ ഈ സ്ഥലത്ത് തുടരാന്‍ സൈന്യത്തിന് സാധിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രസ്താവന പറഞ്ഞു. 1974 ല്‍ സിറിയയുമായി ഒപ്പുവെച്ച ഏറ്റുമുട്ടല്‍ ഇല്ലാതാക്കല്‍ കരാര്‍ സിറിയയിലെ അധികാരമാറ്റത്തോടെ അസാധുവായതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായില്‍ വ്യോമസേന സിറിയന്‍ സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. സിറിയന്‍ സൈന്യത്തിന്റെ 80 ശതമാനത്തിലേറെ ശേഷിയും ഇതിനകം തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചിട്ടുണ്ട്.