തിരുവനന്തപുരം– കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഡീൽ മറയ്ക്കാനാണ് സിപിഎമ്മിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ ആരുടെ വോട്ടുകളാണെന്ന് പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പരിഹസിച്ചു. ആർ.എസ്.എസ് നിയന്ത്രിക്കുന്ന വർഗീയ ധ്രുവീകരണത്തിന് ഏക ബദൽ ഇടതുപക്ഷം മാത്രമാണെന്നും, ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ചരിത്രമുള്ള കേരളത്തിൽ ഇത്തവണയും എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വർഗീയ ശക്തികൾ പിടിമുറുക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും എം.എ. ബേബി തന്റെ നിലപാട് വ്യക്തമാക്കി. ഈ സംഭവത്തിൽ സോണിയ ഗാന്ധിക്ക് നേരിട്ട് പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെങ്കിലും കേസിലെ പ്രധാന പ്രതികളെല്ലാം സോണിയ ഗാന്ധിയുടെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നത് സംശയകരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. സോണിയയുടെ പങ്ക് തെളിയിക്കുന്ന കൃത്യമായ രേഖകൾ നിലവിലില്ലെങ്കിലും പല കാര്യങ്ങളിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അദ്ദേഹം പൂർണ്ണമായും ന്യായീകരിച്ചു. സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന് നേരിട്ട് പങ്കില്ലെന്നും, എന്നാൽ അഴിമതി മുൻകൂട്ടി കണ്ടെത്തുന്നതിൽ ഭരണപരമായ വീഴ്ച സംഭവിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റമെന്നും ബേബി ചൂണ്ടിക്കാട്ടി.



