റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവിൽ റിയാദ് ഡർബിയിൽ അൽ ഹിലാലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് അൽ നസ്ർ. സൗദി പ്രോ ലീഗിൽ മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് റിയാദ് ഡർബിയിൽ നസ്റിന് വിജയം നേടാനായത്. പാരമ്പര്യ എതിരാളികളായ ഇത്തിഹാദിനെ മറികടന്ന് കുതിക്കാനുള്ള ഹിലാലിന്റെ നീക്കം കൂടിയാണ് നസ്ർ തടഞ്ഞത്. പോയിന്റ് നിലയിൽ ഒന്നാമതുള്ള ഇത്തിഹാദിനേക്കാൾ ഏഴു പോയിന്റ് പിറകിലാണ് നസർ. രണ്ടാം സ്ഥാനത്തുള്ള ഹിലാലിനൊപ്പമെത്താൻ നസ്റിന് ഇനിയും മൂന്നു പോയിന്റ് കൂടി വേണം. ഹിലാലിനേക്കാളും ഇത്തിഹാദിനേക്കാളും ഒരു മത്സരം നസ്ർ കൂടുതൽ കളിച്ചിട്ടുണ്ട്. സീസണിൽ എട്ടു മത്സരങ്ങളാണ് ഇനി നസ്റിന് ബാക്കിയുള്ളത്.
പാരമ്പര്യവൈരികളായ നസറും ഹിലാലും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ പകുതിയുടെ അധിക സമയത്തിന്റെ അവസാനത്തിൽ നസർ നേടിയത് അതിമനോഹര ഗോളായിരുന്നു. അലി അൽ ഹസനാണ് നസറിനായി ഗോൾ നേടിയത്. മാർസെലോ ബ്രോസോവിച്ചിന്റെ പാസിലായിരുന്നു ഈ ഗോൾ.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിന് ശേഷം, റൊണാൾഡോ സൗദി ലീഗിലെ തന്റെ 20-ാമത് ഗോൾ നേടി നസ്റിന്റെ ലീഡ് വർധിപ്പിച്ചു. ഇടതുവശത്ത്നിന്ന് മുന്നോട്ട് കുതിച്ചെത്തിയ സാഡിയോ മനെ, പന്ത് ക്രിസ്റ്റ്യാനോക്ക് കൈമാറി. പന്ത് നെറ്റിൽ പതിപ്പിച്ച ക്രിസ്റ്റ്യാനോ നസ്റിന് ലീഡ് സമ്മാനിച്ചു. ഇതോട നസ്ർ ആരാധകർ ആവേശത്തിലായി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ഹിലാൽ കളിക്കളം കീഴടക്കാൻ തുടങ്ങിയത്. അറുപത്തിരണ്ടാമത്തെ മിനിറ്റിൽ ഹിലാൽ ഒരു ഗോൾ തിരിച്ചടിച്ചു. കോർണറിൽനിന്ന് ലഭിച്ച പന്ത് അലി അൽ-ബുലൈഹിയാണ് ഹെഡ് ചെയ്ത് ഗോളാക്കിയത്.
സമനിലക്കായി നീലപ്പട പൊരുതിയെങ്കിലും മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് ശേഷിക്കേ, ക്രിസ്റ്റ്യാനോ ഒരു ഗോൾ കൂടി നേടി. പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. ഇന്ന്(ശനി)ജിദ്ദയിൽനടക്കുന്ന ഇത്തിഹാദ്, അൽ അഹ്‌ലിയെ നേരിടും.