അബുദാബി: യുഎഇ സന്ദർശിക്കാൻ വരുന്ന ടൂറിസ്റ്റ്,സന്ദർശക വിസക്കാർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, യാത്രാ കാലയളവിൽ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദേശം.
ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (ഏകദേശം68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((ഏകദേശം1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഇങ്ങനെ മുന്നറിയിപ്പ് നൽകിയത്.
സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ എത്തുന്നവരുടെ കൈവശം അവരുടെ ഫോൺ നമ്പറും മേൽവിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. യുഎഇ യാത്രാ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് നടപടി. മതിയായ യാത്രാരേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒട്ടേറെ പേരുടെ യാത്ര ഈ അടുത്തകാലത്ത് മുടങ്ങിയിരുന്നു.