കാബൂള്‍ – കുടുംബം പോറ്റാന്‍ പുരുഷ വേഷം ധരിച്ച് ജോലി ചെയ്ത അഫ്ഗാന്‍ പെണ്‍കുട്ടി നൂരിയയെ ഹെല്‍മണ്ട് പ്രവിശ്യയിലെ താലിബാന്‍ സേന അറസ്റ്റ് ചെയ്തു. പിതാവിന്റെ മരണശേഷം കുടുംബം പോറ്റുന്ന ചുമതല പൂര്‍ണമായും തന്റെ ചുമലിലായി മാറിയതായി, അറസ്റ്റിലായ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ നൂരിയ വിശദീകരിച്ചു. കടുത്ത ദാരിദ്ര്യവും മറ്റ് വരുമാന സ്രോതസ്സുകളുടെ അഭാവവും കാരണം നൂര്‍ അഹ്‌മദ് എന്ന അപരനാമത്തില്‍ പുരുഷ വേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരു കഫേയില്‍ ജോലി ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നെന്ന് നൂരിയ പറഞ്ഞു. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഏക മാര്‍ഗം ഈ ജോലിയാണെന്നും തന്റെ യഥാര്‍ഥ വ്യക്തിത്വം പരമാവധി മറച്ചുവെക്കാന്‍ ശ്രമിച്ചുവെങ്കിലും ഒടുവില്‍ സത്യം പുറത്തുവന്ന് തന്നെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നെന്നും നൂരിയ പറഞ്ഞു. നൂരിയയുടെ കേസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ജോലി ചെയ്യാനുള്ള അവകാശവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍ നേരിടുന്ന പ്രയാസകരമായ യാഥാര്‍ഥ്യം ഇത് എടുത്തുകാണിക്കുന്നു.
താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം സ്ത്രീകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഈ സംഭവം പുറത്തുവന്നത്. മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിരവധി സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്നതില്‍ നിന്ന് അഫ്ഗാന്‍ സ്ത്രീകളെ താലിബാന്‍ വിലക്കിയിരിക്കുന്നു. ഈ നിയന്ത്രണങ്ങള്‍ എന്‍.ജി.ഒകള്‍, മാധ്യമങ്ങള്‍, ചില സേവന മേഖലകള്‍ എന്നിവയിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രാഥമിക വരുമാന സ്രോതസ്സ് നഷ്ടപ്പെട്ടു.
സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ജോലിസ്ഥലത്ത് മാത്രം പരിമിതമല്ല. പെണ്‍കുട്ടികള്‍ സെക്കന്‍ഡറി, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടുന്നത് തടയുകയും പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ചലനത്തിനും സാന്നിധ്യത്തിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഈ നയങ്ങള്‍ പല സ്ത്രീകളെയും, പ്രത്യേകിച്ച് കുടുംബം പോറ്റുന്ന സ്ത്രീകളെ, കടുത്ത ദാരിദ്ര്യം അല്ലെങ്കില്‍ വലിയ അപകട സാധ്യതയുടെ നിഴലില്‍ ജോലി ചെയ്യുക എന്ന കടുത്ത ചോയ്‌സുകള്‍ക്കു മുന്നിലാക്കുന്നു. മൗലികാവകാശങ്ങള്‍ നിഷേധിക്കുക മാത്രമല്ല, അറസ്റ്റ്, ശിക്ഷ, പൊതുജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കല്‍ എന്നിവയിലേക്ക് സ്ത്രീകളെ തള്ളിവിടുന്ന താലിബാന്‍ നയങ്ങളുടെ മാനുഷികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുടെ വ്യക്തമായ ഉദാഹരണമാണ് നൂരിയയുടെ കേസ്.
https://www.alarabiya.net/last-page/2026/02/10/



