നജ്‌റാന്‍ – ഉപയോക്താക്കള്‍ക്ക് വില്‍ക്കാനുള്ള ഭക്ഷണ വിഭവങ്ങള്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നിര്‍മിക്കുകയും തയാറാക്കുകയും ചെയ്ത റെസ്‌റ്റോറന്റിനെതിരെ നജ്‌റാന്‍ നഗരസഭ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നു. ഖാലിദിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിനു കീഴിലെ വിദേശ തൊഴിലാളികളാണ് സ്ഥാപനത്തിലേക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങള്‍ തങ്ങളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് തയാറാക്കിയിരുന്നത്. തുറന്ന വാഹനത്തില്‍ ഭക്ഷണ വിഭവങ്ങള്‍ റെസ്റ്റോറന്റിലേക്ക് കൊണ്ടുപോകുന്നത് നഗരസഭാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നെന്ന് നജ്‌റാന്‍ നഗരസഭാ വക്താവ് അബ്ദുല്ല ആലുഫാദില്‍ പറഞ്ഞു.
തുടര്‍ന്ന് ഭക്ഷണം തയാറാക്കുന്ന കേന്ദ്രം നിരീക്ഷിച്ച് കണ്ടെത്തി നടത്തിയ പരിശോധനയില്‍ ആറു വിദേശ തൊഴിലാളികള്‍ ആരോഗ്യ, നിയമ വ്യവസ്ഥകളൊന്നും പാലിക്കാതെ താമസസ്ഥലത്തു വെച്ച് റെസ്റ്റോറന്റിലേക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി വാഹനത്തില്‍ സ്ഥാപനത്തിലെത്തിക്കുന്നതായി വ്യക്തമായി. പരിശോധനക്കിടെ ഫ്‌ളാറ്റില്‍ നിന്ന് 1,913 കിലോ ഇറച്ചിയും പച്ചക്കറികളും പിടിച്ചെടുത്ത് നശിപ്പിച്ചതായും നജ്‌റാന്‍ നഗരസഭാ വക്താവ് പറഞ്ഞു.