കാസർകോട്: കാഞ്ഞങ്ങാട്ട് വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെ പത്തു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുടക് സ്വദേശി പി.എ സലീമാ(35)ണ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറക്കത്തിലായിരുന്ന 10 വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വന്തം ഫോൺ ഉപയോഗിക്കാതെ മറ്റൊരു ഫോണിൽ നിന്ന് പ്രതി വീട്ടിലേക്ക് വിളിച്ചതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്.
പ്രതി വിവാഹം കഴിച്ചത് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ ആണ്. ഇയാൾ വീട്ടിലേക്ക് ഭാര്യയെ മറ്റൊരാളുടെ ഫോണിൽ നിന്ന് വിളിച്ചതാണ് അന്വേഷണത്തിൽ നിർണായമായത്. തുടർന്ന് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കിയ പോലീസ് ഇയാളെ ആന്ധ്രാ പ്രദേശിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാത്രിയോട് കൂടി പ്രതിയുമായി അന്വേഷണ സംഘം കാഞ്ഞങ്ങാട്ട് എത്തുമെന്നാണ് വിവരം. ഇയാൾ മുൻപും പോക്സോ, പിടിച്ചുപറി കേസുകളിലെ പ്രതിയായിരുന്നുവെന്നാണ് കണ്ടെത്തൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ട് വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിൽ ഇയാൾ പ്രതിയാണ്. ഇതിൽ മൂന്ന് മാസം റിമാൻഡിലായിരുന്നു. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഒരു വർഷത്തിലധികമായി പ്രതി സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും അതാണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസ്സമായതെന്നും പോലീസ് പറഞ്ഞു.
ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കിൽ കറങ്ങി നടന്നാണ് കുറ്റകൃത്യം നടത്തുന്നതെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group