കോഴിക്കോട്- എൽഡിഎഫിന്റെ ഉറച്ച കോട്ടയായ പേരാമ്പ്രയിൽ അപ്രതീക്ഷിത മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി. രാമകൃഷ്ണനെ പിന്നിലാക്കാൻ മുസ്ലിം ലീഗ് നേതാവായ ഫാത്തിമ തഹ്‌ലിയയ്ക്ക് സാധിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിൽ തന്നെ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് നിലവിലെ വോട്ടെണ്ണൽ സൂചനകൾ സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഏറെ വിവാദങ്ങൾക്കും നിയമ നടപടികൾക്കും വേദിയായ മണ്ഡലം കൂടിയാണ് പേരാമ്പ്ര.
സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഫാത്തിമ തഹ്‌ലിയ നേരിട്ടിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെ മറികടന്നാണ് അവർ ഇപ്പോൾ ലീഡ് ചെയ്യുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പും സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവുമാണ് തങ്ങൾക്ക് തുണയായതെന്ന് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. സംസ്ഥാനത്തെ പ്രമുഖ ഇടത് നേതാക്കൾക്കും മന്ത്രിമാർക്കും തിരിച്ചടി നേരിടുന്ന അതേ സാഹചര്യം പേരാമ്പ്രയിലും ആവർത്തിക്കുന്നത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.



