റാമല്ല – പതിനാലര മാസത്തിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ 12,820 ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായും 21,351 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ മാത്രം 12,701 വിദ്യാര്‍ഥികള്‍ വീരമൃത്യുവരിക്കുകയും 20,702 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കില്‍ 119 വിദ്യാര്‍ഥികള്‍ വീരമൃത്യുവരിക്കുകയും 649 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെസ്റ്റ് ബാങ്കില്‍ നിന്ന് 542 ഫലസ്തീന്‍ വിദ്യാര്‍ഥികളെ ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പതിനാലര മാസത്തിനിടെ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 619 ഫലസ്തീന്‍ അധ്യാപകരും സ്‌കൂള്‍ ഓഫീസ് ജീവനക്കാരും കൊല്ലപ്പെടുകയും 3,831 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 158 അധ്യാപകരെ ഇസ്രായില്‍ അറസ്റ്റ് ചെയ്തു.
ഗാസയില്‍ 171 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. 77 സ്‌കൂളുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. 191 സ്‌കൂളുകള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായി. ഇതില്‍ 65 എണ്ണം യു.എന്‍ റിലീഫ് ഏജന്‍സിക്കു കീഴിലുള്ളവയാണ്. 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. സര്‍വകലാശാലകള്‍ക്കു കീഴിലെ 51 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. 57 കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു.
വെസ്റ്റ് ബാങ്കില്‍ 109 സ്‌കൂളുകള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായി. ഏഴു സര്‍വകലാശാലകളിലും കോളേജുകളിലും ഇസ്രായില്‍ സൈന്യം ആവര്‍ത്തിച്ച് റെയ്ഡുകള്‍ നടത്തുകയും സ്ഥാപനങ്ങള്‍ക്കകത്ത് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പതിനാലര മാസമായി ഗാസയില്‍ 7,88,000 ലേറെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, യൂനിവേഴ്‌സിറ്റി പഠനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഭൂരിഭാഗം വിദ്യാര്‍ഥികളും മാനസികാഘാതത്തിന്റെയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെയും പിടിയിലാണെന്നും ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.