കോഴിക്കോട്– രാജ്യത്തെ ഏറ്റവും വലിയ ഡയറി ഫാമായ വൈ ടി ഇ മിൽക്കിന്റെ (YTE MILK) കോർപ്പറേറ്റ് ഓഫീസ് കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വയനാട്ടിലെ പുൽപ്പള്ളിയിൽ 22 ഏക്കറിൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക പാൽ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം മെയ് 25-ന് നടക്കും. പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാൽ സംസ്‌കരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. കേരളം കാത്തിരുന്ന ശുദ്ധമായ പശുവിൻ പാലും പാലുൽപ്പന്നങ്ങളും ജൂൺ ഒന്നു മുതൽ വിപണിയിലെത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടി കോഴിക്കോടൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ എ.ആർ. മുഹമ്മദ് സെബിൻസ്, ഹുസൈൻ മുഹമ്മദ് ടി.വി.സി, കെ.എം. മുഹമ്മദ് ബഷീർ തുടങ്ങിയ ഡയറക്ടർമാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഗുണ്ടിൽപേട്ടയിൽ നൂറോളം ഏക്കർ ഭൂമിയിൽ 3000 പശുക്കളെ വളർത്താൻ സൗകര്യമുള്ള ഫാമും അത്യാധുനിക മിൽക്കിങ് പാർലറും സജ്ജമായിക്കഴിഞ്ഞു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും ശുദ്ധവുമായ പാൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈ ടി ഇ മിൽക്ക് വിപുലമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്.