ആലപ്പുഴ– ഓണ്‍ലൈന്‍ ലേലത്തിന്റെ പേരില്‍ മെഡിക്കല്‍ റെപ്രസെന്റീറ്റിവില്‍ 25.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ. കെ അര്‍ജുനെ(26) ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. തലവടി സ്വദേശിയായ വ്യക്തിക്ക്, സ്വകാര്യ ബിഡിങ് കമ്പനിയുടെ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയ പ്രതി വാട്ട്സാപ്, ടെലഗ്രാം എന്നിവയിലൂടെ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയത്.
2025 മെയ് മുതല്‍ ലാവണ്യ എന്ന പേരില്‍ ടെലഗ്രാമിലൂടെ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബിഡിങ് (ലേലം) നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വ്യാജ വെബ്സൈറ്റിന്റെ ലിങ്കിലൂടെ പരാതിക്കാരനെക്കൊണ്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പരാതിപ്പെട്ടു.
ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് ഓഫീസര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോര്‍ജിന്റെ നേത്രത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എം.എം മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. റിയാസ് പി.എം അജിത് എന്നിവര്‍ നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് തെലങ്കാനയിലും, തമിഴ്നാട് കോയമ്പത്തൂര്‍ സുലൂര്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ പരാതികള്‍ നിലവിലുണ്ട്.