മേപ്പാടി: വയനാട് മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവമുണ്ടായത്.
900 വെഞ്ചേഴ്‌സ് എന്ന കമ്പനിയുടെ ടെന്റ്ഗ്രാം എന്ന റിസോർട്ടിലാണ് ദുരന്തമുണ്ടായത്. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. ഇന്നലെ പെയ്ത മഴയിൽ ഈർപ്പം വർധിച്ച് മേൽക്കൂരയുടെ ഭാരം കൂടിയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. നിഷ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേപ്പാടിയിൽ മുകൾഭാഗത്ത് വനത്തോട് ചേർന്നു നിൽക്കുന്ന സ്ഥലത്താണ് റിസോർട്ട് പ്രവർത്തിക്കുന്നത്. പുല്ലുമേഞ്ഞ വലിയ ടെന്റിനു കീഴിൽ മൂന്ന് ചെറിയ ടെന്റുകൾ ആയിട്ടാണ് ക്രമീകരിച്ചതെന്നും മരത്തടികൾ കൊണ്ടുള്ള മേൽക്കൂര തകർന്ന് ചെറിയ ടെന്റുകൾക്കു മേൽ പതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അപകടമുണ്ടായ സ്ഥലം കഴിഞ്ഞ വർഷം ദുരന്തമുണ്ടായ ചൂരൽമലയുടെ അടുത്താണ്.