കോഴിക്കോട്: ട്രെയിനിലെ എ.സി കോച്ചിൽ ഓടിക്കയറുന്നതിനിടെ കോഴിക്കോട്ട് റെയിൽവേ ജീവനക്കാരൻ തള്ളിയിട്ടെന്ന് ആരോപണമുയർന്ന യുവാവ് മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനിൽ നിന്നാണ് യാത്രക്കാരൻ വീണത്. എ.സി കമ്പാർട്ട്‌മെന്റിലെ ഡോറിലിരുന്ന യുവാവിനെ സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെ താഴേക്കു തളളിയിട്ടതാണെന്നാണ് സംശയം. എന്നാൽ, ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങിയ യാത്രക്കാരൻ ചാടിക്കയറുന്നതിനിടെ റെയിൽവേ ജീവനക്കാരൻ തള്ളിയിട്ടതാണെന്നും പറയുന്നു.
ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ ഓടിക്കയറിയതായിരുന്നു അപകടത്തിൽപ്പെട്ട യുവാവ്. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്ന് യാത്രക്കാരിൽ ചിലർ ആരോപിച്ചു. അപകടം കണ്ട് യാത്രക്കാരിൽ ഒരാൾ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്നു യുവാവെന്നും പറഞ്ഞു. റെയിൽവേ പോലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നെങ്കിലും അപകടം കഴിഞ്ഞ് ഏറെ നേരം യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നല്കാനോ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
തുടർന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയിനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. അപകടമുണ്ടായി അര മണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടന്ന ശേഷമാണ് മീറ്ററുകൾ മാത്രം അകലെയുള്ള പി.വി.എസ് ആശുപത്രിയിൽ യുവാവിനെ എത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നുവെന്നും യഥാസമയം ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നുമാണ് സ്ഥലത്തുണ്ടായിരുന്നവരും യാത്രക്കാരും പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു.