ആലപ്പുഴ – വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് യുവാവ് വീട് കയറി നഴ്സായ യുവതി അടക്കം അഞ്ച് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന് സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം. രാത്രി 10 നു വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് രഞ്ജിത് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സജ്നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടില്‍ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group