കോട്ടയം– കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപമുയരുന്നുണ്ട്. സ്ത്രീ കുടുങ്ങിയത് അറിയാന്‍ വൈകിയെന്നും, ആളൊഴിഞ്ഞ കെട്ടിടമായിരുന്നുവെന്നുമാണ് മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്.
14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങളില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്നത് അറിഞ്ഞത്.