പെരിന്തൽമണ്ണ- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വിസ്ഡം മൂവ്മെന്റ് നടത്തിയ വിസ്ഡം കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് അലങ്കോലമാക്കി പോലീസ്. മൈക്ക് പെർമിഷന് അനുവദിച്ച സമയം അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമ്മേളന ഹാളിലേക്ക് കടന്നുവന്ന പോലീസ് സമ്മേളനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. മൈക്ക് പെർമിഷൻ അനുവദിച്ചത് പത്തുമണിയായെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് എത്തിയത്. സമ്മേളനത്തിന്റെ സമാപന സെഷൻ നടന്നുകൊണ്ടിരിക്കെയാണ് പെരിന്തൽമണ്ണ പോലീസ് എത്തിയത്. പോലീസ് നടപടിക്കെതിരെ വേദിയിൽ വെച്ചു തന്നെ വിസ്ഡം നേതാവ് ടി.കെ അഷ്റഫ് പ്രതികരിക്കുയും ചെയ്തു.
ലഹരി കൊണ്ടുള്ള പ്രശ്നം കാരണം ഈ നിയമപാലകർ അടക്കം നിരവധി പേർ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അതിന് ശമനം കാണുന്നതിനുള്ള പ്രോഗ്രാമാണിതെന്നും ടി.കെ അഷ്റഫ് പറഞ്ഞു. ഒരു അപശബ്ദവുമില്ലാതെയാണ് ഈ പ്രോഗ്രാം നടന്നുകൊണ്ടിരുന്നത്. അത് അലങ്കോലമാക്കാനാണ് പോലീസ് വിരൽ ചൂണ്ടി ഈ ഹാളിലേക്ക് കയറി വന്നത്. ഇത് ഞങ്ങൾ പൊറുക്കില്ല. ഇവിടെയുള്ള ഇടത് വലത് രാഷ്ട്രീയ പാർട്ടികളോട് ഞങ്ങൾ പറയുന്നു. ഈ പ്രസ്ഥാനം നടത്തിയ ഈ പ്രോഗ്രാമിനെ ഇങ്ങിനെ അലങ്കോലമാക്കിയത് ഞങ്ങൾ സഹിക്കില്ല. നിയമം അനുസരിക്കുന്നവരാണ് ഞങ്ങൾ. അതിനാൽ ഞങ്ങൾ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാണ് ടി.കെ അഷ്റഫ് പ്രസംഗം നിർത്തിയത്.
അതേസമയം, പോലീസ് നടപടിക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നുകഴിഞ്ഞു. മലപ്പുറത്ത് പോലീസ് പ്രയോഗിക്കുന്ന അമിതാധികാരത്തിന്റെ ഏറ്റവും പുതിയ ഉദാഹരമാണിതെന്നാണ് ആക്ഷേപം ഉയർന്നത്.
യാതൊരു പ്രകോപനവും കൂടാതെ പ്രഭാഷണം നടന്ന സ്റ്റേജിലേക്ക് ഇരച്ചു കയറി വന്നു പ്രഭാഷണം നിർത്താൻ ആക്രോശിക്കുകയായിരുന്നു പോലീസ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും രാത്രി പത്തു മണിക്ക് ശേഷവും അർധരാത്രിയിലും ഗാനമേളകൾ അടക്കം അരങ്ങേറുന്നുണ്ട്. ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത പോലിസാണ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ നടന്ന പരിപാടിക്ക് നേരെ ആക്രോശവുമായി എത്തിയതെന്നും വിമർശനം ഉയരുന്നുണ്ട്.