തിരുവനന്തപുരം– കേരളത്തിലെ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ സുംബ ഡാൻസ് പരിശീലിപ്പിക്കണമെന്ന ഉത്തരവിൽ നിന്നും വിട്ട് നിന്ന അധ്യാപകനെതിരെ നടപടി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെതിരെയായാണ് നടപടി. ടി.കെ. അഷറഫിനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
സ്‌കൂളിൽ സുംബ ഡാൻസ് നടപ്പാക്കണമെന്ന് പറഞ്ഞ സർക്കാർ നിർദേശത്തിൽ നിന്നും ടി.കെ അഷറഫ് വിട്ടുനിന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. തിരുവനന്തപുരത്തുള്ള ഡയറക്‌ടർ ഓഫ് എഡ്യൂക്കേഷനാണ് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന സുംബ ഡാൻസ് പദ്ധതിയിൽ നിന്ന് അധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കുകയാണെന്ന് ടി.കെ. അഷ്റഫ് പരസ്യമായി പ്രസ്‌താവിച്ചിരുന്നു. തൻ്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മക്കളെ പൊതു വിദ്യാലയത്തിൽ അയക്കുന്നത് ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആൺ പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി.കെ. അഷ്റഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. മാത്രവുമല്ല ലഹരി ഉപയോഗത്തിൻ്റെ വേരുകൾ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത നടപടികൾക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് സർക്കാർ നടപടിയുണ്ടായിരിക്കുന്നത്.
കേരളത്തിലെ സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ സൂംബ ഡാൻസ് നടപ്പാക്കുമെന്ന സർക്കാർ നടപടിക്ക് പിന്നാലെ പ്രതിഷേധവുമായി ചില മത സംഘടനകളും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും ഭാരതീയ വിചാര കേന്ദ്രവും രംഗത്തെത്തിയിരുന്നു. ലഹരിയുടെ പേരിൽ വിദേശ ചരക്കായ സുംബയെ കേരളത്തിലെ വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നായിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിന്റെ വാദം.