പാലക്കാട്- തന്റെ അമ്മയുടെ വേർപാടിൽ അനുശോചിക്കാനെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ വൈകാരിക കുറിപ്പുമായി വ്യവസായി വി.എം രാധാകൃഷ്ണൻ. പാണക്കാട് കുടുംബവുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് തനിക്കുള്ളതെന്നും തന്റെ മകളുടെ വിവാഹത്തിന്റെ ആദ്യപ്രാർത്ഥന നിർവഹിച്ചത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നുവെന്നും വി.എം രാധാകൃഷ്ണൻ പറഞ്ഞു. മലപ്പുറത്ത് താൻ ആരംഭിച്ച ബാർ ഒഴിവാക്കാൻ കാരണം പാണക്കാട് കുടുംബത്തോടുള്ള ആദരവ് കൊണ്ടായിരുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.
കുറിപ്പ് വായിക്കാം.
പൊറുക്കണം, പൊറുത്ത് മാപ്പാക്കണം
എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളില്‍ ഒന്നായിരുന്നു 15.05.25 വ്യാഴാഴ്ച. അന്നാണ് എന്റെ അമ്മ മരണപ്പെട്ടത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് വ്യത്യസ്ത മത രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക മാധ്യമരംഗങ്ങളിലെ പ്രമുഖരും എം.പി, എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളും എന്നെയും കുടുംബത്തെയും സന്ദര്‍ശിക്കുവാനും ആശ്വസിപ്പിക്കാനുമായി മലപ്പുറം മണ്ണഴിയിലെ വീട്ടിലും പാലക്കാട്ടെ എന്റെ വീട്ടിലുമായി വന്നിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ, മതവിശ്വാസ ഭേദമെന്യേ നിരവധി പേരാണ് വന്നത്, വന്നുകൊണ്ടിരിക്കുന്നത്. അതിതീവ്രമായ ദുഃഖത്തില്‍ നിന്നും പതിയെ പുറത്തുകടക്കാനും മോചനം നേടാനുമുള്ള ശക്തിയും ഊര്‍ജവും അവരുടെയൊക്കെ വാക്കുകളില്‍ നിന്നും ലഭിക്കുന്നു.
അക്കൂട്ടത്തില്‍ ശ്രീ. രമേശ് ചെന്നിത്തലയും ജനാബ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ഉണ്ടായിരുന്നു. അവര്‍ എന്റെ പേരമക്കളോടൊപ്പമുള്ള ഒരു കൊച്ചുവീഡിയോ കൊച്ചുകുഞ്ഞുങ്ങളുടെ താല്‍പര്യാര്‍ത്ഥം അവരുടെ സന്തോഷത്തിന്റെ പേരില്‍ ഞാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ആ വീഡിയോ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളെയും ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിനെയും അധിക്ഷേപിക്കാനുള്ള വടിയായി ചിലര്‍ ഉപയോഗിക്കുന്നതായി ഇപ്പോള്‍ കാണുന്നു. അതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്, ഖേദമുണ്ട്. ഇതര മത നാമധാരിയായ എന്റെ വീട്ടില്‍ വന്നത് പൊറുക്കാന്‍ കഴിയാത്ത അപരാധമാണെങ്കില്‍ മലപ്പുറം ഭാഷയില്‍ തന്നെ പറയട്ടെ, നിങ്ങള്‍ അത് പൊറുത്തു തരണം. ക്ഷമിക്കണം, മാപ്പാക്കണം.
പാണക്കാട് തങ്ങള്‍മാരുടെ കുടുംബത്തിലെ അംഗങ്ങളായവരോ ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബോ എന്റെ വീട്ടില്‍ വരുന്നത് ഇതാദ്യമല്ല. ബഹുമാന്യരായ പാണക്കാട് കുടുംബത്തിലെ പലരും പലപ്പോഴായി എന്റെ വീടുകളില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടിയായ ജനാബ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ താറടിക്കാനും അവഹേളിക്കാനുമായി കൊച്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഈ വീഡിയോ ദുരുപയോഗിക്കരുത്. അപേക്ഷയാണ്. നിങ്ങള്‍ക്ക് മതപരമായതോ ആശയപരമായതോ രാഷ്ട്രീയപരമായതോ ആയ വിരോധം ഇവരില്‍ ആരൊടെങ്കിലും ഉണ്ടെങ്കില്‍ അത് തീര്‍ക്കാനുള്ള ചട്ടുകമായി എന്നെ ഉപയോഗിക്കരുതേ എന്നാണ് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കാനുള്ളത്.
ഇതര മതവിശ്വാസികളുടെ ആഘോഷവേളകളില്‍ പങ്കെടുത്തുകൂടാ, വീടുകളില്‍ പോയിക്കൂടാ തുടങ്ങിയ കടുത്ത വര്‍ഗീയ നിലപാടുകള്‍ നാടെങ്ങും പ്രചരിക്കുന്ന അല്ലെങ്കില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നാടിനെ വിഷലിപ്തമാക്കുന്ന ഒരു വര്‍ത്തമാന കാലത്തിലാണ് നാം ജീവിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ നാളിതുവരെ തികഞ്ഞ മതരഹിത, മതേതര നിലപാട് സ്വീകരിച്ചവരാണ് ഞാനും എന്റെ കുടുംബവും.
എന്റെ പാലക്കാട്ടെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങുകളുടെ ഒരു വീഡിയോ ഇതില്‍ പങ്കുവയ്ക്കുന്നു. ക്രിസ്തീയ പുരോഹിതനായ കേരളത്തിലെ പ്രശസ്തമായ ഒരു ആതുരാലയത്തിന്റെ എം.ഡിയായ ഫാ. ജൂലിയസ് അറയ്ക്കലിന്റെ വെഞ്ചരിപ്പോടും പ്രശസ്ത ഇസ്ലാം മതപണ്ഡിതനായ പേഴുംകര ഉസ്താദിന്റെ ദുവയോടും കൂടിയാണ് ഞാന്‍ എന്റെ വീട്ടില്‍ പ്രവേശിച്ചത്.
എന്റെ മകളുടെ വിവാഹചടങ്ങുകളുടെ വേദിയില്‍ ആദ്യ പ്രാര്‍ത്ഥന നടത്തിയത് പരേതനായ ജനാബ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു എന്ന കാര്യം ഞാനിന്നും നിറമനസോടെ ഓര്‍ക്കുന്നു. ഇക്കാര്യം ഞാന്‍ ചിത്രം സഹിതം മുഖപുസ്തകത്തില്‍ പങ്കുവച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മരണാനന്തര പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ അമുസ്ലീം ആയിട്ടും എന്നെ പങ്കെടുക്കാന്‍ അനുവദിച്ച കാര്യവും ഈ അവസരത്തില്‍ നിറമിഴികളോടെ ഓര്‍ക്കുന്നു.
പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും എനിക്കേറെ ആത്മബന്ധം ഉണ്ടായിരുന്നു. വളരെ ആദരപൂര്‍വ്വം ബഹുമാനപൂര്‍വ്വം ഞാന്‍ കണ്ടിരുന്ന ഒരു ആത്മീയ നേതാവായിരുന്നു പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. അദ്ദേഹവുമായുള്ള എന്റെ ബന്ധം കേരളകൗമുദി ദിനപത്രം പ്രസിദ്ധീകരിച്ച ശിഹാബ് തങ്ങള്‍ സ്മരണികയില്‍ ഞാന്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന എനിക്ക് അത്യധികം ബഹുമാനമുണ്ടായിരുന്ന മറ്റൊരു പുരോഹിതനാണ് പരേതനായ ഫിലിപ്പോസ് മാര്‍. ക്രിസോസ്റ്റം തിരുമേനി. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും ഞാന്‍ മുഖപുസ്തക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
മലപ്പുറത്തെ ഗവണ്‍മെന്റ് കോളേജിലെ പഠനകാലത്ത് കുന്നുമ്മലിലെ അക്കാലത്തെ അപൂര്‍വ്വം കെട്ടിടങ്ങളില്‍ ഒന്നായിരുന്നു പാണ്ടി ലോഡ്ജ്. അത് പാണ്ടിക്കടവത്ത് കുടുംബത്തിന്റേതായിരുന്നു. പാണ്ടി ലോഡ്ജില്‍ വന്നുപോകുന്ന സുമുഖനും സുന്ദരനുമായ കുഞ്ഞാലിക്കുട്ടിയെ അക്കാലത്ത് ആരാധനയോടെ നോക്കി കാണാന്‍ മാത്രമേ അവസരം ഉണ്ടായിരുന്നുള്ളു. പിന്നീട് 1987 ല്‍ എന്റെ നാട്ടില്‍ സ്ഥാപിതമായതും ഞാന്‍ അമരത്ത് ഉണ്ടായതുമായ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തെ കൂടുതല്‍ അറിയുന്നതും പരിചയപ്പെടുന്നതും. ആ വ്യവസായശാലയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം ചെയ്തു നല്‍കിയിട്ടുണ്ട്. അന്നുമുതല്‍ ഞാന്‍ അദ്ദേഹവും കുടുംബവുമായി ഊഷ്മളമായ ആരോഗ്യകരമായ ഒരു സൗഹൃദം സൂക്ഷിച്ചുവന്നു.
ഞാന്‍ കാരണം എന്തെങ്കിലും തരത്തിലുള്ള ഒരു വിഷമവും അദ്ദേഹത്തിനുണ്ടാവാനുള്ള ഒരു സാഹചര്യവും അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചിട്ടില്ല. ഒരു സംഭവംകൂടി ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം പറയേണ്ടതുണ്ട്. മലപ്പുറം കിഴക്കേതലയ്ക്കല്‍ ഞാന്‍ ഒരു ബാര്‍ ഹോട്ടല്‍ ആരംഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍, പാണക്കാട് കുടുംബത്തിനോടുള്ള ആദരവുകൊണ്ട് ഞാന്‍ ആ പ്രസ്ഥാനം അടച്ചുപൂട്ടുകയാണെന്ന് പത്രപരസ്യം നല്‍കി അത് പൂട്ടുകയും ചെയ്തു. വലിയ സാമ്പത്തിക നഷ്ടം സഹിച്ചും അവരുടെ താല്‍പര്യം മാനിച്ച് സ്ഥാപനം അടച്ചുപൂട്ടിയവനാണ് ഞാന്‍.
നാളിതുവരെ ഞാനും കുടുംബവും താമസിച്ച വീടുകളിലൊന്നും മദ്യ സല്‍ക്കാരം നടത്തിയിട്ടില്ല. മദ്യം വിളമ്പിയിട്ടില്ല. മദ്യപിച്ചവരെ വീട്ടിൽ കയറ്റാറില്ല.
എന്റെ വീട്ടിലെ പൂജാമുറിയില്‍ ഇസ്ലാംമത വിശ്വാസിയായ സുഹൃത്ത് വെള്ളിക്കുടത്തില്‍ നല്‍കിയ സംസം വെള്ളമുണ്ട്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി നല്‍കിയ ജപമാലയും ബഹുമാനപൂര്‍വ്വം പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ ഒരു വീട്ടില്‍ പോകുന്നത് അതിന്റെ ഉടമയ്ക്ക് എന്തെല്ലാം ലൈസന്‍സ് ഉണ്ട്, സിനിമ എടുക്കുന്നവരാണോ, ഡാന്‍സ് കളിക്കുമോ, സിനിമാ നടനാണോ നടിയാണോ എന്നൊക്കെ പരിശോധിച്ചാണോ. എന്റെ പേരില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഒരു മദ്യശാല ലൈസന്‍സ് ഉണ്ടെന്ന പേരില്‍ ആക്ഷേപം ചൊരിഞ്ഞതിനാലാണ് ഇത് ഇവിടെ കുറിക്കേണ്ടി വന്നത്.
ബഹുസ്വര സമൂഹത്തില്‍ ഇതര മത നാമധാരിയായ ഒരു വ്യക്തിയുടെ വീട്ടില്‍ പോകുന്നത് വലിയ അപരാധമാകുമെന്ന് കരുതിയില്ല സുഹൃത്തുക്കളെ, ക്ഷമിക്കു.
വാല്‍ക്കഷ്ണം:
അടുത്തിടെ തീവ്ര ഇസ്ലാംമത നിലപാടുള്ള മലപ്പുറം ജില്ലയിലെ ഒരു മതപണ്ഡിതന്റെ വീട്ടില്‍ ഒരു വിവാഹ ചടങ്ങ് നടന്നു. ആ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് എന്തൊക്കെ തരം ലൈസന്‍സ് ഉണ്ടെന്ന് ആ മതപണ്ഡിതന്‍ പരിശോധിച്ചിരുന്നോ? അക്കാര്യം എനിക്ക് അറിയില്ലെങ്കിലും ഒരു കാര്യം പറയാം. കടുത്ത, തീവ്ര ഇതര മതവിശ്വാസമുള്ള പലരും ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ പങ്കെടുക്കുന്നതും ക്ഷണിതാവായ ഇസ്ലാംമത പണ്ഡിതന്‍ നഖശിഖാന്തം എതിര്‍ക്കുന്ന പലരെയും ആശ്ലേഷിച്ച് സ്വീകരിക്കുന്നതും മാധ്യമങ്ങളിലൂടെ കാണാനിടയായി.