കൊച്ചി- തന്നോട് ചെയ്ത ക്രൂരതക്ക് വേടൻ മാപ്പു പറയണമെന്ന് വേടൻ എന്ന ഹിരൺദാസ് മുരളിയിൽനിന്ന് പീഡനം അനുഭവിക്കേണ്ടി വന്ന പെൺകുട്ടി. കേരളീയം ഓൺലൈൻ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിലാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. നിർധന കുടുംബത്തിൽനിന്നുള്ള തനിക്ക് വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കേസിന് പോവാനോ, സംഭവിച്ചതെന്തെന്ന് തുറന്ന് പറയാനോ ഉള്ള സാമൂഹിക സാഹചര്യങ്ങൾ പോലുമില്ലെന്നും പെൺകുട്ടി പറഞ്ഞു. 2021ൽ മറ്റ് അതിജീവിതകൾ മീ റ്റൂ പോസ്റ്റ് ഇടാൻ മുന്നോട്ട് വന്നപ്പോൾ പോലും എൻ്റെ ശരീരത്തിൽ അനുഭവിക്കേണ്ടി വന്ന വേദനയും അതിൻ്റെ ആഘാതവും മനസിലാക്കാൻ ഏറെ സമയം എടുത്തുവെന്നും പെൺകുട്ടി പറയുന്നു. വേടൻ മാപ്പു പറഞ്ഞില്ലേ, ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയല്ലോ എന്നൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ കൂടി ചോദ്യങ്ങളുമായെത്തുന്ന സ്ത്രീപക്ഷവാദികൾ മീറ്റു എന്ന ആശയത്തെയും അതിന്റെ സത്തയെയും അപമാനിക്കുകയാണ്.
വേടൻ ഇതുവരെ അയാൾ പീഡിപ്പിച്ച ഒരാളോടും മാപ്പ് ചോദിച്ചിട്ടില്ല. ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളും, പീഡനങ്ങളും നേരിടേണ്ടി വന്ന ഞങ്ങളാണ് അവന് മാപ്പ് കൊടുക്കണോ, അവനത് അർഹിക്കുണ്ടോ എന്നൊക്കെ തീരുമാനിക്കേണ്ടത്. ഇതുവരെ ഞങ്ങളോട് മാപ്പ് ചോദിക്കാൻ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ മാപ്പ് പറഞ്ഞല്ലോയെന്ന വാദം പ്രസക്തവുമല്ല. അതിജീവിതകൾ അവരുടെ ജീവിതം നോക്കി ജീവിക്കുന്നു എന്നൊക്കെയുള്ള നുണകൾ പറയാതിരിക്കുക.
കഴിഞ്ഞ മാസവും താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ വ്യക്തിയോട് വളരെ മോശമായാണ് ഇവൻ പെരുമാറിയത്. വേടൻ മാറിയല്ലോ എന്ന് ചോദിക്കുന്നവർ ഇക്കാര്യം ഓർക്കണം. ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും അവരെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. വീണ്ടും എത്ര സ്ത്രീകൾക്ക് ഇതുപോലെ ഉപദ്രവം നേരിടേണ്ടി വരുമെന്ന് അറിയില്ല. ഇങ്ങനെ ഉപദ്രവിക്കാൻ കഴിയുന്നത് അവൻ പറയുന്ന രാഷ്ട്രീയവും കലയും നൽകുന്ന അധികാരവും ആരാധകവൃന്ദവുമാണ്.
വേടൻ ജാതിയ്ക്ക് എതിരെ സംസരിക്കുന്നുണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം സവർണ പ്രത്യയശസ്ത്രത്തിൽ നിന്നും സമൂഹത്തിന് വിടുതൽ നേടാൻ കഴിയുമെന്ന തെറ്റായ ധാരണ കൊണ്ടാവാം അവന് എതിരെ വരുന്ന തുറന്ന് പറച്ചിലുകളെ പ്രതിരോധിക്കേണ്ടത് ദലിത് സമൂഹത്തിൻ്റെ മൊത്തം ബാധ്യതയായി തോന്നുന്നത്. ഞാൻ അടക്കമുള്ള സ്ത്രീകൾ ദലിത് വാദത്തെ ഇത്തരത്തിൽ പ്രാക്ടീസ് ചെയ്യുന്നവരല്ല. ദലിത് സ്ത്രീയെ ഉൾപ്പെടെ ഉപദ്രവിച്ച ഹിരൺദാസിനെ സംരക്ഷിക്കാനുള്ള മനോഭാവം ദലിത് സമുദായത്തിലുൾപ്പെടുന്ന സ്ത്രീകളെ വീണ്ടും അടിച്ചമർത്തുന്ന തരത്തിലുള്ളതാണ്. മാത്രവുമല്ല സവർണ പ്രത്യയശാസ്ത്രം ജാതിപരമായ ഒന്ന് മാത്രമല്ല. സ്ത്രീയുടെ ലൈംഗികത, സ്ത്രീത്വം എന്നിവയെ രണ്ടാംകിടയായി, ഒരു ലൈംഗിക വസ്തുവായി തരംതാഴ്‌ത്തുന്നത് കൂടി ഉൾപെടുന്നതാണ് സവർണ്ണ അടിച്ചമത്തലുകൾ. ഒരേ സമയം ജാതിപരമയും ലിംഗപരമയും അവനേക്കാൾ അടിച്ചമത്തപ്പെട്ടവരാണ് ഞങ്ങൾ. ആൺ എന്ന പ്രിവിലേജ് മുതലെടുത്ത് കൊണ്ട് ഒരാൾ ഉപദ്രവിച്ച ഞങ്ങൾക്ക് വേണ്ടി എന്തുകൊണ്ട് സമൂഹം ശബ്ദം ഉയർത്തുന്നില്ല? ഇന്ന് അവൻ ദലിതൻ ആയതുകൊണ്ടാണ് സ്റ്റേറ്റ് അവനെ വേട്ടയാടുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളവർ, അവനെതിരെ പറയുമ്പോൾ ഞങ്ങൾക്ക് നേരിടേണ്ടി വരുന്ന ലിംഗപരമായ അടിച്ചമർത്തലുകളെ മനസിലാക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഞങ്ങൾക്ക് വേണ്ടി ടെലിവിഷൻ ചർച്ചകൾക്കിടയിൽ ആരും സംസാരിക്കാത്തത്?
എന്നോട് ചെയ്ത വയലൻസുകൾ കൃത്യമായി ഏറ്റ് പറയുകയും അതിന് എന്നോട് മാപ്പ് പറയുകയും വേണം. ബുദ്ധി ഉപയോഗിക്കുന്ന, രാഷ്ട്രീയം പറയുന്ന സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനും, ഫെമിനിസം എന്ന ആശയം മോശമല്ലയെന്നും, സാധാരണ സ്ത്രീയും പുരുഷനും പോലെയുള്ളവർ തന്നെയാണ് ബാക്കി ലിംഗത്തിൽ പെട്ടവരുമെന്നും മനസ്സിലാക്കിയെടുക്കാൻ ഇനിയെങ്കിലും അവന് കഴിവ് ഉണ്ടാക്കാൻ കഴിയണമെന്ന സഹതാപം മാത്രമാണ് ഇപ്പോൾ എനിക്ക് അവനോടും അവന് കൂട്ടു പിടിക്കുന്നവരോടുമുള്ളതെന്നും പെൺകുട്ടി പറഞ്ഞു.