മലപ്പുറം– ഒന്‍പത് പേരുടെ ജീവനെടുത്ത വാല്‍പ്പാറ അപകടത്തിന്റെ ഞെട്ടലിലാണ് കേരളം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് ഈ ദാരുണമായ അപകടത്തില്‍ മരണപ്പെട്ടത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു. നൂറുകണക്കിന് ആളുകളാണ് പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി വിട നല്‍കാനായി അവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചേകാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് താഴെയുള്ള ഒന്‍പതാം വളവിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം നാല് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ പരിക്കേറ്റ മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



