തിരുവനന്തപുരം– സംസ്ഥാത്ത് കൃത്യമായിട്ട് വാക്‌സിനെടുത്തിട്ടും വീണ്ടും പേവിഷബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലത്തും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് മാത്രം ഏപ്രില്‍ മാസത്തില്‍ ആറ് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. അതിലും വാക്‌സിന്‍ എടുത്തവര്‍ ഉള്‍പ്പെട്ടിരുന്നു.
ഏപ്രില്‍ 8നാണ് വീട്ടുമുറ്റത്തിരിക്കുന്ന കുട്ടിയെ പട്ടി കടിച്ചത്. ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കി. മൂന്ന് തവണ കൂടി ഐ.ഡി.ആര്‍.വി ഡോസ് എടുക്കുകയും മെയ് ആറിന് ഒരു ഡോസ് ബാക്കി നില്‍ക്കെ ഏപ്രില്‍ 28ന് കുട്ടിക്ക് പനി വന്ന് പരിശോധിച്ചപ്പോഴാണ് വിഷബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്‌സിനെടുത്താല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന് വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതുകൊണ്ട് കടിച്ച പട്ടിയെ പിന്നെയാരും അന്യേഷിച്ചില്ല. കുട്ടിക്ക് പേവിഷബാധയേറ്റതോടെ പ്രദേശത്ത് മറ്റാരെയെങ്കിലും നായ കടിച്ചിട്ടുണ്ടോ എന്ന് അന്യേഷിക്കുകയാണ്.
അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവര്‍ 102 പേരാണ്. ഇതില്‍ വാക്‌സിന്‍ എടുത്തിട്ടും 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റുള്ളവര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. നായ കടിച്ച ആദ്യമിനിറ്റുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം കഴുകണമെന്നും അടിയന്തിരമായി വാക്‌സിനെടുക്കുകയും വേണം.