കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ മകന് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമനടപടിയുമായി യുഡിഎഫ്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മകന് അക്കൗണ്ട് ഉണ്ടെന്നും അവിടെ വലിയ തോതില്‍ കള്ളപണ നിക്ഷേപം ഉണ്ടന്നാണ് ആരോപണത്തിനെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്.
താനോ മകനോ ഇതുവരെ മൗറീഷ്യസില്‍ പോയിട്ടില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൗറീഷ്യസ് ബാങ്ക് കോവിഡ് കാലത്ത് മകന് ഒരു സീറോ ബാലന്‍സ് അക്കൗണ്ട് തുറന്നു നല്‍കിയിരുന്നു. ഈ അക്കൗണ്ട് വഴി ഒരു രൂപ പോലും നിക്ഷേപിക്കുകയോ, സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല കെവൈസി നല്‍കാത്തതുമൂലം ഈ അക്കൗണ്ട് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കും മുന്‍പ് ബാങ്കുകാര്‍ തന്നെ ക്ലോസ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മകന് ഈ അക്കൗണ്ട് ഉണ്ടായിരിക്കുന്നതിനാല്‍ സത്യവാങ്മൂലത്തില്‍ അത് കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സത്യവാങ്മൂലം നല്‍കിയ വേളയില്‍ മകന്റെ ഈ അക്കൗണ്ട് ബാങ്ക് അധികൃതര്‍ തന്നെ ക്ലോസ് ചെയ്തതിനാല്‍ അത് ചേര്‍ക്കേണ്ടിയും വന്നില്ല. മകന്റെ പേര് പറഞ്ഞു സ്ഥാനാര്‍ഥിയായ തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചത് തീര്‍ത്തും തെറ്റാണ്. ഇങ്ങനൊരു വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും മറ്റ് നിയമനടപടികള്‍ സ്വീകരിക്കും.
സത്യവാങ് മൂല്യത്തില്‍ സ്ഥലത്തിന്റെ വാല്യുവേഷന്‍ കുറച്ചു എന്ന തരത്തില്‍ വരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ഏത് ഏജന്‍സിക്കു വേണമെങ്കിലും അന്വേഷിക്കാമെന്നും ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍കൊണ്ട് ജനങ്ങളുടെ മനസ് മാറ്റാമെന്ന് ആരും കരുതേണ്ടയെന്നും എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോന്‍സ് ജോസഫും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കെ പി സി സി സെക്രട്ടറി പി എ സലിയും എന്നിവര്‍ പറഞ്ഞു