തിരുവനന്തപുരം– മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68), ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6:40-ന് ഉണ്ടായ അപകടത്തിൽ, വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ പരുക്കുകളോടെ രക്ഷപ്പെട്ടു.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരവേ, അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള ‘കർമ്മല മാതാ’ എന്ന ചെറുവള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞു. മൈക്കിൾ സംഭവസ്ഥലത്തുവച്ച് മരിച്ചു, ഗുരുതരമായി പരുക്കേറ്റ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളം അരക്കിലോമീറ്റർ ഉൾക്കടലിലേക്ക് ഒഴുകിപ്പോയി.
വള്ളത്തിലുണ്ടായിരുന്ന ജിനു, അനു, സുജിത്ത് എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. അനു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഒരാഴ്ചയ്ക്കിടെ മുതലപ്പൊഴിയിൽ നടക്കുന്ന നാലാമത്തെ അപകടമാണിത്.