ഇടുക്കി– ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ ആയ എട്ടുപേർ ആയിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.
വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ മറ്റ് യാത്രക്കാരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ നിന്നുള്ള രണ്ട് കുടുംബങ്ങളായി കഴിഞ്ഞ ദിവസം മൂന്നാറിൽ എത്തിയ ഇവർ, ഒരു സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. പിറ്റേ ദിവസത്തെ കാഴ്ചകൾ കാണാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പ്രദേശവാസികളും തേയിലത്തോട്ട തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ഇരകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് മാറ്റി.
അപകടത്തിൽ ജീപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്