പാലക്കാട്: മീൻവല്ലം കരിമ്പ മൂന്നേക്കറിനു സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി കോളനിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം.
വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കുളിക്കാനിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും ചിറയിലെ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ 200 മീറ്റർ അടുത്തുള്ള ആളുകൾ അധികം കടന്നുചെല്ലാത്ത ചിറയാണിതെന്നാണ് പറയുന്നത്.
മരിച്ച സഹോദരങ്ങളുടെ അച്ഛൻ പ്രകാശൻ ആശുപത്രിയിലായിരുന്നു. ഭാര്യ അനിതയും ഒരു വയസുള്ള കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് വീടിന് വെളിയിൽ കളിക്കുകയായിരുന്ന കുട്ടികൾ ചിറയിലേക്ക് പോയി അപകടത്തിൽ പെട്ടതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദീപും പ്രതീഷും പാലക്കാട് ജില്ലാ ആശുപത്രിയിലും രാധിക തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പ്രതികരിച്ചു.