കോട്ടയം– കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വ്യാപക വിമര്‍ശനങ്ങള്‍ക്കിടയിൽ ഇന്ന് രാവിലെ ഏഴുമണിക്ക് ശേഷമാണ് തലയോലപ്പറമ്പിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം കെ അനില്‍ കുമാര്‍ അടക്കമുള്ള സിപിഎം നേതാക്കളും ഉണ്ടായിരുന്നു.
സംഭവിച്ചത് അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിന്റെ ദുഃഖം തൻ്റേതുമാണെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ എല്ലാ പൂര്‍ണമായി എല്ലാ തലത്തിലും കുടുംബത്തിൻ്റെ ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അതേസമയം മെഡിക്കല്‍ കോളജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാം സമഗ്രമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ അപാകതകള്‍ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.