തിരുവനന്തപുരം– ഓട്ടിസം ബാധിതനായ പത്തു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് 161 വർഷം കഠിനതടവും 87,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെ (56) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീരാ ബിർള ശിക്ഷിച്ചത്. പിഴ തുകയൊടുക്കിയില്ലെങ്കിൽ എട്ടര വർഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷകളിൽ 20 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഇതിനുപുറമെ ലീഗൽ സർവീസസ് അതോറിറ്റി വഴി അതിജീവിതന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2019 ജൂലൈയിലാണ് മനസാക്ഷിയെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസം ചികിത്സയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ചാണ് അധ്യാപകൻ പലതവണ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശാരീരിക-മാനസിക വെല്ലുവിളികളെ മുതലെടുത്ത പ്രതി, എതിർക്കാൻ ശ്രമിക്കുമ്പോൾ തല ചുമരിൽ ഇടിപ്പിക്കുകയും അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. മിഠായിയും ബിസ്ക്കറ്റും നൽകി പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ വരുതിയിലാക്കിയിരുന്നത്.
ചികിത്സയിലൂടെ പുരോഗതി കണ്ടുവന്നിരുന്ന കുട്ടി പെട്ടെന്ന് അക്രമാസക്തനാകുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടി താൻ അനുഭവിക്കുന്ന കാര്യങ്ങൾ ഡയറിയിൽ വരച്ചും എഴുതിയും വെച്ചിരുന്നു. സ്പീച്ച് തെറാപ്പിസ്റ്റിനോടാണ് കുട്ടി ആദ്യം വിവരങ്ങൾ പങ്കുവെച്ചത്. തുടർന്ന് CWC നിർദ്ദേശപ്രകാരം ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചാണ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്.ഐ. ആർ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.



