ജിദ്ദ – സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ, യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കാൻ ഒരുങ്ങുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലുള്ള നിയോ എയ്റോസ്പേസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 67 നാരോ-ബോഡി എ-320 വിമാനങ്ങളിലും 3 വൈഡ്-ബോഡി എ-330 വിമാനങ്ങളിലും ഈ സേവനം ലഭ്യമാകും. 2027 അവസാനത്തോടെ സൗദിയയുടെ എല്ലാ വിമാനങ്ങളിലും സൗജന്യ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അബ്ദുല്ല അൽശഹ്റാനി വ്യക്തമാക്കി. യാത്രക്കാർക്ക് ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ വിമാനക്കമ്പനികളിൽ ഒന്നായി ഇതോടെ സൗദിയ മാറും.
എൻ.എസ്.ജി സ്കൈവേവ്സ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ സേവനം പ്രവർത്തിക്കുന്നത്. എസ്.ഇ.എസ് ഓപ്പൺ ഓർബിറ്റ്സ് മൾട്ടി-ഓർബിറ്റ് നെറ്റ്‌വർക്കിന്റെ സഹായത്തോടെ കുറഞ്ഞ ലേറ്റൻസിയും ഉയർന്ന വേഗതയും ആഗോള കവറേജും ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. എക്ലിപ്‌സ് ഗ്ലോബൽ കണക്റ്റിവിറ്റി നൽകുന്ന നൂതന ആന്റിന സംവിധാനങ്ങൾ വിമാനങ്ങളിൽ സജ്ജീകരിക്കുന്നതിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത ഡിജിറ്റൽ അനുഭവം നൽകാൻ കഴിയുമെന്ന് സൗദിയ സി.ഇ.ഒ ഇബ്രാഹിം അൽഉമർ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് വിമാനക്കമ്പനിയുടെ തന്ത്രപരമായ മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ആഗോളതലത്തിൽ വ്യോമയാന മേഖലയിൽ മത്സരാധിഷ്ഠിതമായ സ്ഥാനം ഉറപ്പിക്കുന്നതിലും ഈ പങ്കാളിത്തം നിർണ്ണായകമാണെന്ന് നിയോ എയ്റോസ്പേസ് ഗ്രൂപ്പ് സി.ഇ.ഒ ഹൈതം അൽഫറജ് പറഞ്ഞു. വിമാനനിര നവീകരിക്കുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സൗദിയ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമാണ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അത്യാധുനിക സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമാകുന്നതോടെ സൗദി അറേബ്യയുടെ വിമാനയാത്ര അനുഭവങ്ങളിൽ വലിയ മാറ്റങ്ങൾ വരുമെന്ന് ഈ കരാർ ഉറപ്പുനൽകുന്നു.







