കണ്ണൂർ– കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് ശരിവച്ച് എം കെ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
വിദ്യാർത്ഥികളോട് ഒരു അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കുകയെന്ന് റാമിന്റെ അഭിഭാഷകനോട് ചോദിച്ച കോടതി നിതിൻ ക്ലാസ്മുറിക്കുള്ളിൽ അധിക്ഷേപിക്കപ്പെട്ടുവെന്നും വ്യക്തമാക്കി. സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കൂട്ടിചേർത്തു. അതിനാൽ തന്നെ അധ്യാപകന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അധ്യാപകർക്ക് പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കണമെന്നും മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നതെന്നും കോടതി കൂട്ടിചേർത്തു.
അതേ സമയം, റാം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും ഓൺലൈൻ അപ്പിനെ കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപകന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.



