നിലമ്പൂർ– പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോലീസ് കസ്റ്റഡിയിലായി. നിലമ്പൂർ പോലീസാണ് ഇയാളെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായാണ് പരാതി. നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലും കാസർകോട് കാഞ്ഞങ്ങാട് ഭാഗത്തും വെച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി ആദ്യം നൽകിയ പരാതി, സംഭവം നടന്ന പരിധി കണക്കിലെടുത്ത് നിലമ്പൂർ പോലീസിന് കൈമാറുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് ഫിലിപ്പ് മമ്പാടിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിലുള്ള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നിയമനടപടികൾ ഉടൻ പൂർത്തിയാക്കും. സമൂഹമാധ്യമങ്ങളിൽ കൗമാരക്കാർക്കായി മോട്ടിവേഷൻ ക്ലാസുകൾ നൽകി ശ്രദ്ധേയനായ വ്യക്തിയാണ് ഫിലിപ്പ് മമ്പാട്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഇയാൾക്കെതിരെയുള്ള അതിക്രമ പരാതി നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.



