തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സിൽവർലൈൻ (കെ-റെയിൽ) പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള തന്റെ രണ്ടാമത്തെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ-റെയിൽ സ്ഥാപിച്ച മുഴുവൻ മഞ്ഞക്കുറ്റികളും അടിയന്തരമായി നീക്കം ചെയ്യും. 2020-ൽ പദ്ധതിക്കായി പുറപ്പെടുവിച്ച വിജ്ഞാപനവും തുടർന്നുണ്ടായ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്. സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ കോടതിയിൽ ശുപാർശ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് ജൂൺ ഒന്നു മുതൽ സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി, ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നവംബർ 30 വരെയാണ് നീട്ടിയത്.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വ്യക്തത വരുത്തി. ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിക്കുന്ന കാര്യം താൻ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.



