കോഴിക്കോട് – സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്‌ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.
“മദ്രസ പ്രവർത്തനത്തിന് വേറെ സമയം എവിടെനിന്ന് കണ്ടെത്തും? ഒരു ദിവസത്തിൽ 24 മണിക്കൂർ മാത്രമേയുള്ളൂ. രാത്രി ഉറങ്ങുന്ന സമയത്താണോ മദ്രസ നടത്തേണ്ടത്? മന്ത്രിയുടെ പ്രതികരണങ്ങൾ മാന്യമായിരിക്കണം. വാശിയോടെ പ്രതികരിക്കുന്നത് എന്തിനാണ്? ‘ആലോചിച്ച് തീരുമാനിക്കാം’ എന്ന് പറഞ്ഞാൽ മതിയല്ലോ. മനുഷ്യർക്ക് ഭാഷയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം, എന്നാൽ കടുത്ത നിലപാടുകൾ പാടില്ല. സമുദായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് മന്ത്രിസഭ നിലകൊള്ളുന്നത്. സമുദായത്തിന്റെ വോട്ടുകൾ നേടിയാണ് അധികാരത്തിലെത്തിയതെന്ന് മറക്കരുത്. വലിയ മതസമുദായത്തെ അവഗണിക്കാൻ കഴിയുമോ? എല്ലാ സമുദായങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾ തന്നെ ഉന്നയിക്കും, അതിൽ മറ്റ് സമുദായങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് വിഷയമല്ല,” ജിഫ്രി തങ്ങൾ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം, ഒരു വിഭാഗത്തിന്റെ ആവശ്യത്തിനായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സമയം മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം വ്യക്തമാക്കിയത്, താൻ പറഞ്ഞത് കോടതിനിലപാടിനെ അടിസ്ഥാനമാക്കിയാണെന്നും, ധിക്കാരപരമായ സമീപനമല്ലെന്നും ആണ്. “സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ല,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ സമയമാറ്റത്തിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരം നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആഗസ്റ്റ് 5-ന് എല്ലാ ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലും, സെപ്റ്റംബർ 30-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ നടത്താനാണ് സമസ്തയുടെ മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ കോഴിക്കോട്ട് ടൗൺ ഹാളിൽ ചേർന്ന സമരപ്രഖ്യാപന കൺവൻഷനിൽ തീരുമാനിച്ചത്.
കഴിഞ്ഞ മാസം, 8 മുതൽ 10 വരെ ക്ലാസുകളിലെ പഠനസമയം അരമണിക്കൂർ വർധിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച ഒഴികെ, രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും വർധിപ്പിച്ചാണ് പുതിയ സമയക്രമം. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തി സമയം. സമസ്തയുടെ പുനരാലോചന ആവശ്യം തള്ളിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.